ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് മോദി ജനങ്ങളോട് സംസാരിക്കുക. പഹൽഗാമിലെ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തുടങ്ങിയവയെക്കുറിച്ച് മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കടക്കം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് കരുതുന്നത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ വിജയിച്ചുവെന്നാണ് ഇന്ന് നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ സൈന്യം അറിയിച്ചത്. പാകിസ്ഥാനെതിരെ തിരിച്ചടിച്ചതിന്റെ തെളിവുകളും ഇന്ത്യൻ സേന നിരത്തി. ഇന്ത്യയുടെ പോരാട്ടം ഭീകരർക്കെതിരെ മാത്രമായിരുന്നു. എന്നാൽ, പാക് സൈനികർ ഭീകരർക്കൊപ്പം ചേർന്നു. ഇന്ത്യയുടെ എയർ ഡിഫൻസ് സംവിധാനം ശക്തമാണ്. പാകിസ്ഥാന്റെ ആക്രമണങ്ങളെയെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ചെറുത്തുവെന്നും മേജർ ജനറൽ എസ്‌എസ് ശാർദ പറഞ്ഞു.
മൾട്ടി ലെയർ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഉപയോഗിച്ചത്. ലോംഗ് റേഞ്ച് റോക്കറ്റുകളും ഡ്രോണുകളും തകർത്തു. തദ്ദേശീയമായി നിർമിച്ച ആകാശ് സംവിധാനം വിജയകരമായി ഉപയോഗപ്പെടുത്തി. പാകിസ്ഥാൻ ഉപയോഗിച്ച ചൈനീസ് നിർമിത പിഎൽ15 മിസൈലുകൾ, ലോംഗ് റേഞ്ച് റോക്കറ്റുകൾ, തുർക്കി നിർമിത ഡ്രോണുകൾ എന്നിവയും തകർത്തു. ചൈനീസ് ആയുധങ്ങളെയെല്ലാം ഫലപ്രദമായി ചെറുത്തു. ഭാവിയിൽ ഏത് പ്രകോപനമുണ്ടായാലും അതിനെയും നേരിടാൻ സജ്ജമാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |