ന്യൂഡല്‍ഹി: ഇന്ത്യക്ക് നേരെ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണി ചെലവാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആണവ ആക്രമണമെന്ന ബ്ലാക്‌മെയിലിംഗ് ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈന്യം വിജയകരമായി നടപ്പിലാക്കിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാകിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശനമായ താക്കീതാണ് പ്രധാനമന്ത്രി നല്‍കിയത്. ഭീകരതയുമായി ഇന്ത്യക്ക് നേരെ വന്നാല്‍ അതിന്റെ ഇരട്ടിയായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, അത് വെച്ചു പൊറുപ്പിക്കില്ല. ഇന്ത്യയ്‌ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടിവരും. പ്രതികരണം എങ്ങനെവേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തിന് സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോര്‍മുഖത്ത് സൈന്യം അസാമാന്യ ധൈര്യവും പ്രകടനവും കാഴ്ച വച്ചെന്ന് പ്രശംസിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും മോദി അഭിവാദ്യം അര്‍പ്പിച്ചു. പഹല്‍ ഗാമില്‍ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേര്‍ പിടഞ്ഞ് മരിച്ചത്. മതത്തിന്റെ പേര് പറഞ്ഞാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് മോദി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ല, അതില്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. പഹല്‍ഗാം ആക്രമണത്തിന് പാകിസ്ഥാനിലെ ഭീകരരുടെ പരിശീലന കേന്ദ്രത്തില്‍ കയറി ഇന്ത്യ മറുപടി നല്‍കി. സ്വപ്നത്തില്‍ പോലും ഇങ്ങനെയൊരു ആക്രമണം പ്രതിക്ഷിച്ചിരുന്നില്ല. ബവല്‍പൂരിലെയും മുരിട്‌കെയിലെയും ആഗോള തീവ്രവാദ കേന്ദ്രങ്ങള്‍ ഭാരതം ഭസ്മമാക്കി. ഭീകരതയുടെ യൂണിവേഴ്സിറ്റികളാണ് ഇല്ലാതായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |