കോഴിക്കോട്: ഫെബ്രുവരി മുതൽ മൂന്നു മാസത്തെ വാതിൽപ്പടി വിതരണ കുടിശിക 75 കോടിയായതോടെ റേഷൻ സാധനങ്ങളുടെ വിതരണം വാഹന കരാറുകാർ ഇന്നലെ മുതൽ നിറുത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റേഷൻ കടകൾ കാലിയാകും. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെ ജില്ലാ സപ്ളെെ ഓഫീസർമാർ കരാറുകാരുമായി സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിച്ചിട്ടില്ല.
കുടിശിക ഏതാനും ദിവസത്തിനകം നൽകുമെന്ന് ഓഫീസർമാർ പറഞ്ഞെങ്കിലും ഉറപ്പ് ലഭിച്ചില്ലെന്ന് കരാറുകാർ പറഞ്ഞു. സമരം തുടങ്ങുന്നതിന് മുമ്പേ കരാറുകാർ വാതിൽപ്പടി വിതരണം നിറുത്തിയിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് നഗരത്തിലെ ഉൾപ്പെടെ റേഷൻകടകളിൽ സാധനങ്ങൾ കുറഞ്ഞിരുന്നു. സ്റ്റോക്കുള്ള സാധനങ്ങളാണ് ഇപ്പോൾ ഡീലർമാർ വിതരണം ചെയ്യുന്നത്. നാലു ദിവസത്തിനുള്ളിൽ വിതരണം പുനരാരംഭിച്ചില്ലെങ്കിൽ കാർഡുടമകൾക്ക് റേഷൻ നൽകാനാകില്ല.
മലബാറിലെ പല റേഷൻകടകളിലും സാധനങ്ങൾ കുറവാണ്. സാധനങ്ങളെത്തിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഡീലർമാർ ആവശ്യപ്പെട്ടു. കുടിശിക 100 കോടിയായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലും കരാറുകാർ സമരം നടത്തിയിരുന്നു. തുടർന്ന് 2024 സെപ്തംബർ മുതൽ ജനുവരി വരെയുള്ള കുടിശിക നൽകി.
വാഗ്ദാനം പാലിച്ചില്ലെന്ന്
കുടിശിക തന്നാലും ഇല്ലെങ്കിലും റേഷൻ വാതിൽപ്പടി വിതരണം തങ്ങളുടെ ചുമതലയെന്ന സമീപനമാണ് സർക്കാരിൻ്റേതെന്ന് കരാറുകാർ പറഞ്ഞു. ജനുവരിയിലെ സമരത്തെ തുടർന്ന് ഇനി കുടിശിക വയ്ക്കില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഫെബ്രുവരി മുതൽ വീണ്ടും കുടിശികയായി. ഓഡിറ്റിന്റെ ഭാഗമായി പിടിച്ചുവച്ച 10 ശതമാനം തുകയും 2024 ഏപ്രിൽ മുതൽ കുടിശികയാണ്.
ലോറിക്കാർക്ക് കൊടുക്കാൻ ഞങ്ങളുടെ പക്കൽ പണമില്ല. സർക്കാർ പ്രശ്നം പരിഹരിക്കണം.
ഫഹദ് ബിൻ ഇസ്മയിൽ സംസ്ഥാന ജന. സെക്രട്ടറികേരള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ
റേഷൻ വാതിൽപ്പടി വിതരണം സർക്കാർ ഏറ്റെടുക്കണമെന്ന് കുടിശ്ശിക കിട്ടാത്ത സാഹചര്യം പറഞ്ഞ് വാഹന കരാറുകാർ അടിക്കടി സമരം നടത്തുന്നതിനാൽ റേഷൻ വാതിൽപ്പടി വിതരണം സർക്കാർ ഏറ്റെടുക്കണമെന്ന് കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.
സമരംമൂലം റേഷൻ വിതരണം സ്തംഭിക്കുകയാണ്. കരാറുകാരുടെ നിരന്തര സമരം ചുമട്ട് തൊഴിലാളികളെയും ബാധിക്കുന്നു. ഒരു മാസം കൊണ്ട് ചെയ്തുതീർക്കേണ്ട ജോലി സമരം പിൻവലിക്കുമ്പോൾ ഒരാഴ്ച കൊണ്ട് ചെയ്യേണ്ടിവരുന്നു. ക്ഷേമ ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ഹാജർ കുറയുകയും ആനുകൂല്യങ്ങൾ കിട്ടാതാകുകയും ചെയ്യുന്നു. കയറ്റിറക്കുകൂലി രണ്ട് വർഷം മുമ്പ് 15 ശതമാനം വർദ്ധിപ്പിച്ചത് അംഗീകരിക്കാത്ത ചില കരാറുകാർ കോടതിയിൽ പോയതിനെ തുടർന്ന് വർദ്ധിപ്പിച്ച കൂലി കിട്ടുന്നില്ല. റേഷൻ സ്തംഭിപ്പിക്കുന്ന കരാറുകാരുടെ സമരത്തെ സർക്കാർ ഗൗരവത്തോടെ കാണണമെന്നും സെക്രട്ടറി ടി. നാസർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |