താരസംഘടനയായ അമ്മയിൽ നിന്നും ഇറങ്ങിപ്പോയതിന്റെ കാരണം തുറന്നുപറഞ്ഞ് നടൻ ഹരീഷ് പേരടി. ചില വിയോജിപ്പുകളുണ്ടെന്നും അതുകൊണ്ടാണ് അമ്മ സംഘടനയിൽ നിന്ന് പുറത്തുപോയതെന്നും ഹരീഷ് പേരടി പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ്) എന്ന പാർട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാൽ ഗോവിന്ദൻ മാഷ് ആരോടും ദേഷ്യപ്പെടില്ല. പിണറായി സഖാവും ആരോടും ദേഷ്യപ്പെടില്ല. എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ലല്ലോ. തെറ്റായ ഒരു വാക്കല്ല. ആ സംഘടനയുടെ പേരാണത്. അത് കൂട്ടിവിളിക്കേണ്ടവർക്ക് അങ്ങനെ വിളിക്കാം. അല്ലാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവർക്ക് കൂട്ടാതെ വിളിക്കാമല്ലോ. ഞാൻ ആ കൂട്ടത്തിലില്ല'- ഹരീഷ് പേരടി പറഞ്ഞു.
എഎംഎംഎയിലുള്ള 50 പ്രധാനപ്പെട്ട ആളുകൾക്കെ ഇപ്പോഴും വർക്ക് ലഭിക്കുന്നുള്ളൂ. പിന്നെ, ഇടക്കാലത്ത് വന്നുപോകുന്നവരാണ് നൂറ് പേർ. പിന്നെയും ബാക്കിയുള്ള 350 പേരെ കാണാനേയില്ല. അങ്ങനെയൊരു പ്രശ്നമുണ്ട്. അതൊക്കെ പരിഹരിക്കപ്പെടണം. സംഘടനയോട് വിയോജിപ്പുള്ളവരാണല്ലോ അമ്മയെ എഎംഎംഎ എന്ന് വിളിക്കാറുള്ളത് എന്ന ചോദ്യത്തിന് വിയോജിപ്പുള്ളതുകൊണ്ടാണല്ലോ താൻ അതിൽ നിന്ന് ഇറങ്ങിപ്പോയതെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
നടിയെ പീഡിപ്പിച്ചെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ അമ്മയിൽ നിന്നും പുറത്താക്കാത്തതിനാലാണ് ഹരീഷ് പേരടി അമ്മയിൽ നിന്നും രാജിവച്ചത്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ രാജിവച്ചതോടെ അന്നത്തെ സെക്രട്ടറി ഇടവേള ബാബു ഹരീഷ് പേരടിയെ ബന്ധപ്പെട്ടിരുന്നു. തീരുമാനത്തിൽ മാറ്റമുണ്ടോ എന്നായിരുന്നു ചോദിച്ചത്. 'അമ്മ' എന്ന സംഘടനയുടെ പേര് എഎംഎംഎ എന്ന് വിളിക്കുന്നതിന് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്ര സ്ത്രീവിരുദ്ധമായ സംഘടനയെ അമ്മ എന്ന് അഭിസംബോധന ചെയ്യാനാവില്ലെന്ന് ഹരീഷ് പേരടി ഉറപ്പിച്ച് പറഞ്ഞാണ് നിലപാട് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |