ബീജിംഗ്: അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിംഗിൽ നിന്ന് പുതിയ ഡെലിവറികൾ സ്വീകരിക്കുന്നതിന് രാജ്യത്തെ വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ചൈന. ഇറക്കുമതികൾക്ക് പരസ്‌പരം ചുമത്തിയ പകരച്ചുങ്കം താത്കാലികമായി കുറയ്ക്കാൻ യു.എസുമായി ധാരണയിലെത്തിയ പിന്നാലെയാണ് ചൈനയുടെ നീക്കം. ഏപ്രിലിൽ യു.എസുമായി വ്യാപാര യുദ്ധം മുറുകിയ ഘട്ടത്തിലാണ് ബോയിംഗിന്റെ ഡെലിവറികൾക്ക് ചൈന നിയന്ത്രണമേർപ്പെടുത്തിയത്.
വിമാനങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഉപകരണങ്ങളും ബോയിംഗ് അടക്കം അമേരിക്കൻ കമ്പനികളിൽ നിന്ന് വാങ്ങേണ്ട എന്നും ചൈന തങ്ങളുടെ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചിരുന്നു. പിന്നാലെ ചൈനയിലെ ബോയിംഗിന്റെ ഡെലിവറി സെന്ററിൽ നിന്ന് മൂന്ന് ജെറ്റുകൾ യു.എസിലേക്ക് തിരിച്ചയച്ചിരുന്നു.
അതേ സമയം, പരസ്പരം ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള യു.എസ്-ചൈന ധാരണ ഇന്ന് പ്രാബല്യത്തിൽ വരും. 90 ദിവസമാണ് കാലാവധി. ഇരുരാജ്യങ്ങളും ഏർപ്പെടുത്തിയ തീരുവയിൽ നിന്ന് 115 ശതമാനം വീതം കുറയ്ക്കാനാണ് ധാരണ. ഇതോടെ ചൈനീസ് ഇറക്കുമതികൾക്ക് യു.എസ് ഏർപ്പെടുത്തിയ പകരച്ചുങ്കം 30 ശതമാനമായി താഴും. യു.എസ് ഇറക്കുമതികൾക്ക് ചൈന ചുമത്തിയ തീരുവ 10 ശതമാനത്തിലേക്കും താഴും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |