തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് സംവിധായകനും ബിഗ്‌ബോസ് ജേതാവുമായ അഖിൽ മാരാർ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ നിമിഷം വരെയും ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചത് അമേരിക്ക ആണെന്ന ട്രംപിന്റെ പ്രസ്‌താവനയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി രാജ്യത്തിന്റെ അഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തി പിടിക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ലെന്ന് അഖിൽ മാരാർ പുതിയ പോസ്റ്റിൽ വ്യക്തമാക്കുന്നുത്. കേസിൽ കേരള ഹെെക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഭാരത സൈന്യം പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും ഇന്ത്യ ഒരു സൂപ്പർ പവർ ആയി ലോകത്തിൽ മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ട അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് ഇന്ത്യ പാകിസ്ഥാൻ വിഷയത്തിൽ ഇടപെട്ടു.
US President Donald Trump — "I told India and Pakistan that if you STOP the war, we will do trade, a lot of trade with you, if you don't, we will not TRADE, all of a sudden, they STOPPED."
സദാ സമയവും മൈ ഫ്രണ്ട് എന്ന് പൊക്കി കൊണ്ട് നടന്ന ട്രമ്പിന്റെ താല്പര്യങ്ങൾക്ക് മോദി വഴങ്ങിയോ എന്ന സംശയമാണ് മോദിയെയും അമേരിക്കയ്ക്ക് കൃത്യമായ മറുപടി നൽകിയ ഇന്ദിരാ ഗാന്ധിയെയും താരതമ്യം ചെയ്തു ഞാൻ എഴുതിയത്. ഈ നിമിഷം വരെയും ഇന്ത്യ പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചത് അമേരിക്ക ആണെന്ന ട്രമ്പിന്റെ പ്രസ്‌താവനയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി രാജ്യത്തിന്റെ അഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തി പിടിക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. പകരം മൂന്നാം കക്ഷി ഇല്ല എന്ന ഫോറിൻ പോളിസി പറഞ്ഞു പോകുകയാണ് ചെയ്തത്. ചില മാധ്യമങ്ങൾ പ്രമുഖർ എന്ന് വാർത്ത കൊടുക്കും പോലെ.
അമേരിക്കയും ട്രമ്പും ഇടപെട്ടിട്ടില്ല എന്ന് മോദി പറയാത്ത കാലത്തോളം ലോകം ഇത് അമേരിക്കയുടെ നയതന്ത്ര വിജയമായി കാണും. ഇരയാക്കപ്പെട്ട രാജ്യത്തിനും വേട്ടക്കാരനും തുല്യ നീതിയോ. എന്ത് ധാരണയുടെ പുറത്താണ് നമ്മൾ പിന്മാറിയത്. ഇതൊന്നും ഈ രാജ്യത്തെ പൗരന്മാരെയോ ലോകത്തെയോ അറിയിക്കാനുള്ള ബാധ്യത പ്രധാന മന്ത്രിക്കില്ലേ..?
അത് കൊണ്ട് തന്നെ അഭിമാനകരമായ നേട്ടം എന്ന ബിജെപി പ്രചാരണത്തോട് യോജിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ എന്റെ അഭിപ്രായം പങ്ക് വെച്ചപ്പോൾ ജനം ടി വിയുടെ അനിൽ നമ്പ്യാർ പരിഹാസരൂപേണ എഴുതിയ കുറിപ്പിന് നൽകിയ മറുപടിയിൽ ബലൂചിസ്തനുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഞാൻ പറഞ്ഞത് ശെരിയായില്ല എന്ന എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ലൈവ് ഡിലീറ്റ് ചെയ്തു. എന്നാൽ എന്റെ പ്രൊഫൈലിൽ ആദ്യം വന്ന ഫീഡ് സ്റ്റോറി ആയത് കൊണ്ട് ഡിലീറ്റ് ആയത് സ്റ്റോറി ആയിരുന്നു. പിറ്റേ ദിവസവും പ്രൊഫൈലിൽ ഈ വീഡിയോ കിടന്നപ്പോൾ ഞാനത് ഒഴിവാക്കി.
ഇന്നലെ വരെ ഇന്ത്യ പാകിസ്താനെ പരാജയപെടുത്തും pok തിരിച്ചു പിടിക്കും എന്നൊക്കെ മറ്റുള്ളവരെ വെല്ലുവിളിച്ചു നടന്ന ബിജെപിക്ക് അവരുടെ തലയ്ക്ക് കിട്ടിയ അടിയായി മാറി അമേരിക്കയുടെ വാക്ക് കേട്ട് തീരുമാനം എടുത്ത മോദിയുടെ നിലപാട്. POK തിരിച്ചു പിടിക്കും എന്ന മുൻ നിലപാടിൽ നിന്നും ബിജെപി പിന്നോട്ട് പോയോ എന്ന സംശയവും ഇവർക്കുണ്ടായി. അത് കൊണ്ട് തന്നെ ഇന്ദിരാ ഗാന്ധി മോദിയെക്കാൾ പവർഫുൾ ആയിരുന്ന എന്ന എന്റെ വാക്കുകൾ അവരെ ഭ്രാന്ത് പിടിപ്പിച്ചു. ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാൻ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും എന്നിലൂടെ നാല് പേർക്കിടയിലും അറിയാൻ വേണ്ടിയും ബിജെപി എനിക്കെതിരെ നൽകിയ കേസിൽ ജാമ്യം ഇല്ലാത്ത വകുപ്പിൽ ആണ് ഏത് വിധേനയും എന്നെ കുടുക്കാൻ ഒരവസരം നോക്കി നിന്ന പോലീസ് കേസ് എടുത്തത്.
ഇന്നലെ വരെ ബലൂചിസ്ഥാൻ പാകിസ്താനെ തകർക്കുന്ന ദൃശ്യങ്ങൾ പങ്ക് വെച്ച് അതിനും മോദിയുടെ ക്രെഡിറ്റ് പാടി നടന്ന സംഘ പരിവാർ ഇപ്പോൾ ബലൂചിസ്ഥാനെ തള്ളി പറയുന്നത് പാകിസ്താനെ അവർ ഇല്ലാതാക്കും എന്ന് പറഞ്ഞത് കൊണ്ടുള്ള വിഷമം ആവാം. ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനെ സ്വാതന്ത്ര രാജ്യം ആവാം എന്ന ബലൂചിസ്ഥാനികളുടെ മോഹം പാഴായി പോയല്ലോ എന്ന കാര്യം ഇക്കാര്യത്തിൽ മോദിയെ വിശ്വസിച്ച അവര്ക് പണി കിട്ടിയല്ലോ എന്ന സർക്കാസ രൂപേണ ഉള്ള വാചകം എനിക്ക് സംഭവിച്ച നാക്ക് പിഴയാണ് അതിന് മറ്റൊരു അർത്ഥവും ഇല്ല എന്ന് എന്നെ അറിയുന്ന ആർക്കും അറിയും.
രണ്ടായാലും ഇന്ത്യയിൽ ദേശ സ്നേഹം എന്നത് മോദി, RSS സ്നേഹം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് എനിക്കെതിരെ ഉള്ള കേസ് നിയമപരമായി നേരിടാനുള്ള അവകാശം എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു. ബഹു കേരള ഹൈക്കോടതിയെ ഞാൻ സമീപിച്ചിട്ടുണ്ട്.
ജാമ്യം കിട്ടി കഴിഞ്ഞു സംസാരിക്കാനും വിമർശിക്കാനും അവകാശം ഈ രാജ്യത്ത് ഉണ്ടെങ്കിൽ ഒരായിരം കേസ് എനിക്കെതിരെ കൊടുക്കാൻ കാത്തിരുന്നോ...?
പാക്കലാം...
ഭാരത് മാതാ കീ ജയ്
വന്ദേ മാതരം
ജയ് ഹിന്ദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |