ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നടപടി തള്ളി ഇന്ത്യ. പേരുമാറ്റം യാഥാർത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യർത്ഥവും അസംബന്ധവുമായ ശ്രമങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും മന്ത്രാലയം വിമർശിച്ചു.അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ പ്രദേശമാണ്. ചൈനയിടുന്ന പേരുകൾ ഈ യാഥാർത്ഥ്യത്തെ മാറ്റില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജെയ്‌സ്വാൾ പറഞ്ഞു. 2024ൽ ചൈന അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിയിരുന്നു. അതിനെയും ഇന്ത്യ ശക്തമായി തള്ളിയിരുന്നു.
ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവന ഇറക്കിയത്. 'സാംഗ്‌നാൻ' എന്ന് അവർ പരാമർശിക്കുന്ന അരുണാചൽ പ്രദേശിനുമേലുള്ള തങ്ങളുടെ പ്രാദേശിക അവകാശവാദങ്ങൾ സ്ഥാപിക്കാൻ ചൈനീസ് സർക്കാർ ഭൂപടങ്ങളും പ്രസ്‌താവനകളും പുറപ്പെടുവിക്കുന്നതിനൊപ്പം ഇത്തരം തന്ത്രങ്ങളും പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.
അതേസമയം, വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. വാഹനവ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി അനുവദിച്ചു. ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം. നിലവിൽ സിആർപിഎഫ് സൈഡ് കാറ്റഗറി സുരക്ഷയാണ് ജയ്‌ശങ്കറിനുള്ളത്. രാജ്യത്തുടനീളം വിദേശകാര്യ മന്ത്രിക്ക് ഒരേ സുരക്ഷ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |