തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവ അഭിഭാഷക ശ്യാമിലി തന്നെയാണ് ബെയ്‌ലിനെക്കുറിച്ച് പറഞ്ഞത്. ബെയ്‌ലിന് പെട്ടന്ന് ദേഷ്യം വരുമെന്നും അതുകൊണ്ടാണ് മർദ്ദിച്ചതെന്നും ശ്യാമിലി പറഞ്ഞു. ഒളിവിൽ പോയ അഭിഭാഷകനായി വഞ്ചിയൂർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ശ്യാമിലി വ്യക്തമാക്കി.
ശ്യാമിലിയുടെ വാക്കുകൾ
'ഡോക്ടറെ കണ്ടു. കുഞ്ഞിന് മുലയൂട്ടുന്നതുകൊണ്ട് ഉയർന്ന ഡോസുളള മരുന്നുകൾ കഴിക്കാൻ സാധിക്കില്ല. സംസാരിക്കുമ്പോൾ നല്ല വേദനയുണ്ട്. ബാർകൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. എല്ലാ ഭാഗത്ത് നിന്ന് പിന്തുണയുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും.എത്രയും വേഗം നീതി കിട്ടാനാണ് ശ്രമിക്കുന്നത്. എന്നെ മർദ്ദിക്കുന്നത് കണ്ട് സഹപ്രവർത്തകർ അതിശയിച്ചുപോയി. ക്യാബിനിൽ നിന്ന് പുറത്തിറങ്ങി മറ്റൊരു സഹപ്രവർത്തകയോട് സംസാരിച്ചപ്പോഴാണ് അയാൾ മർദ്ദിച്ചത്. എല്ലാവരും സാക്ഷികളാണ്.
ഭർത്താവും അനിയനും ആ സമയത്ത് എത്തിയിരുന്നു. പൊലീസിനെ വിവരം അറിയിച്ചിരുന്നു. ആ സമയത്ത് അയാളെ അറസ്റ്റ് ചെയ്തില്ല. വക്കീൽ ഓഫീസിൽ നിന്ന് ഒരു വക്കീലിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് ബാർ അസോസിയേഷൻ സെക്രട്ടറി പറഞ്ഞത്. നിയമനടപടികൾ സ്വീകരിച്ചതിനുശേഷം മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്നാണ് സെക്രട്ടറി പറഞ്ഞത്. രാഷ്ട്രീയപരമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ബെയ്‌ലിൻ.
ഞാൻ വളരെ ഇഷ്ടപ്പെട്ടാണ് അഭിഭാഷകയായത്. ഒക്ടോബർ പത്തിനാണ് ഞാൻ പ്രസവിച്ചത്. ഒക്ടോബർ ഒമ്പത് വരെയും ഞാൻ കോടതിയിൽ പോയിരുന്നു. വീട്ടിൽ ആർക്കും ഇഷ്ടമല്ലായിരുന്നു. അത്രയും കഷ്ടപ്പെട്ടാണ് പഠിച്ചത്. എന്നെക്കുറിച്ച് ആർക്കും മോശം അഭിപ്രായമില്ല. എന്നെ പിരിച്ചുവിട്ടതിന്റെ കാരണം അറിയണമായിരുന്നു. എനിക്കെതിരെ മറ്റൊരു സഹപ്രവർത്തക ബെയ്‌ലിനോട് കളളം പറഞ്ഞു. അദ്ദേഹം സത്യാവസ്ഥ അന്വേഷിച്ചില്ല. അദ്ദേഹം യൂണിഫോം അഴിച്ചുവയ്ക്കുന്ന തരത്തിലുളള നടപടികൾ ബാർ അസോസിയേഷന്റെയും ബാർ കൗൺസിലിന്റെയും ഭാഗത്ത് നിന്നുണ്ടാകും. അദ്ദേഹം ചെയ്യുന്ന പ്രവൃത്തികൾ ചോദ്യം ചെയ്യുമ്പോഴാണ് ദേഷ്യപ്പെടുന്നത്'- ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |