സാധാരണക്കാരിലേക്ക് പോപ്പ് സംഗീതത്തെ എത്തിച്ച ഗായികയാണ് ഉഷാ ഉതുപ്പ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വിദേശ ഭാഷകളിലും പാടിയ ഉഷാ ഉതുപ്പിന്റെ ജീവിതവും വേറിട്ടതാണ്. കഴിഞ്ഞ വർഷമാണ് ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് മരിച്ചത്. ഭർത്താവിന്റെ മരണശേവും അണിഞ്ഞൊരുങ്ങി നടക്കുന്നതിന് ഉഷാ ഉതുപ്പിനെതിരെ കടുത്ത വിമർശനങ്ങളും ഉണ്ടായിരുന്നു. അതിനൊക്കെ ചുട്ടമറുപടിയും അവർ കൊടുത്തിരുന്നു. ഉഷാ ഉതുപ്പിനെ ആരാധകർ ദീതി എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ഉഷാ ഉതുപ്പിന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ്.
'രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പോപ്പ് ഗായികയാണ് ഉഷാ ഉതുപ്പ്. പോപ്പ് സംഗീതത്തെ സാധാരണക്കാരിലേക്കെത്തിച്ച ഗായികയാണ് അവർ. വേഷത്തിലും ഭാവത്തിലും രൂപത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി.നെറ്റിയിൽ വലിയൊരു പൊട്ടും കൈയിലും കഴുത്തിലും ഭാരമുളള ആഭരണങ്ങളും മുടിയിൽ മുല്ലപ്പൂവും വിലപിടിപ്പുളള കാഞ്ചീപുരം സാരിയും അണിഞ്ഞാണ് അവർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എല്ലാവരും അവരെ ദീതി എന്നാണ് വിളിക്കുന്നത്.
കേരളത്തിന്റെ സ്വന്തം മരുമകളാണ് ദീതി. ഉഷാ ഉതുപ്പിനെ വിവാഹം ചെയ്തിരിക്കുന്നത് കോട്ടയത്തുക്കാരനായ ജാനി ഉതുപ്പ് എന്നയാളാണ്. അവർക്ക് രണ്ട് മക്കളാണുളളത്. സണ്ണിയും അഞ്ജലിയും. ജാനി ഉതുപ്പ് 2024ലാണ് അന്തരിച്ചത്. തമിഴ്നാട്ടിലെ ആചാരമനുസരിച്ച് ഭർത്താവ് മരിച്ച സ്ത്രീകൾ പൊട്ട് തൊടാനോ പൂവ് വയ്ക്കാനോ പാടില്ല. എന്നാൽ ഉഷാ ഉതുപ്പ് അത്തരത്തിലുളള ആചാരങ്ങളൊന്നും പാലിച്ചില്ല. ഇപ്പോഴും പൊട്ടും പൂവും താലിയുമൊക്കെ ഉപയോഗിക്കുന്നുണ്ട്. വിമർശനങ്ങളും ഉണ്ട്. അതിന് ചുട്ടമറുപടികളും അവർ കൊടുത്തിട്ടുണ്ട്.
പുറമേ ചിരിക്കുകയും മറ്റുളളവരെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ മനസിൽ വലിയ സങ്കടങ്ങൾ ഉളളതായി അധികം ആർക്കും അറിയില്ല. ചെറുപ്പത്തിൽ പാട്ട് പഠിക്കാനായി ദീതിയെ ഒരു സംഗീതജ്ഞന്റെ അടുത്തയച്ചു. അദ്ദേഹം അവരെ പറഞ്ഞയച്ചു. ഉഷാ ഉതുപ്പിന് സംഗീതം പഠിക്കാനുളള കഴിവില്ലെന്ന് പറഞ്ഞാണ് തിരികെ അയച്ചത്. ആണുങ്ങളുടെ ശബ്ദമാണെന്നാണ് പറഞ്ഞത്. തുടർന്ന് അവരെ മറ്റൊരു വ്യക്തി സംഗീതം പഠിപ്പിച്ചു. അങ്ങനെ മദ്രാസിലെ നൈറ്റ് ക്ലബിലെ ഗായികയായി. കൊൽക്കത്തയിലെ നൈറ്റ് ക്ലബിലെ സ്ഥിരം ഗായികയായി. അങ്ങനെയാണ് ജാനി ഉതുപ്പും അവരും പരിചയത്തിലാകുന്നത്. പ്രണയത്തിലായി. വിവാഹവും കഴിച്ചു.
കല്യാണശേഷമാണ് ഗാനരംഗത്ത് അവർ പേരെടുത്തത്. പലഭാഷകളിലും പാടി. ഉഷാ ഉതുപ്പിന്റെ വിദേശ സ്റ്റേജ് ഷോകളും വൻവിജയമാണ്. തുടർന്ന് അവരുടെ താമസം കൊൽക്കത്തയിലേക്ക് മാറ്റി. അവിടെ വച്ച് അവർ മദർ തെരേസയുടെ പല കാരണ്യപ്രവർത്തനങ്ങളിലും പങ്കെടുത്തു. പരിപാടികൾക്ക് പോകുമ്പോൾ അവിടെ മിച്ചം വരുന്ന ഭക്ഷണം ഉഷാ ഉതുപ്പ് വാങ്ങി അനാഥ കുട്ടികൾക്ക് കൊടുക്കുമായിരുന്നു. ഒരിക്കൽ അമിതാഭ് ബച്ചൻ ഒരു സ്റ്റേജ് പരിപാടിക്കിടയിൽ വച്ച് ഉഷാ ഉതുപ്പിന്റെ കൈയിൽ കയറി പിടിച്ചു. അവർ ദേഷ്യത്തോടെ ആ കൈ തട്ടിമാറ്റി. അപ്പോൾ അമിതാഭ് ബച്ചൻ പറഞ്ഞത്. അദ്ദേഹത്തിന്റെ കൈയിൽ സ്പർശിക്കാൻ സുന്ദരിമാർ ആഗ്രഹിക്കുന്നുണ്ടെന്നാണ്. അതിന് ഉഷാ ഉതുപ്പ് മറുപടി പറഞ്ഞത്, മറ്റുളളവർ മോശം ആയിട്ട് എന്തെങ്കിലും പറയുമോയെന്നായിരുന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |