കൊല്ലം: റാപ്പർ വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന് ആർഎസ്‌എസ് മുഖപത്രമായ കേസരിയുടെ പത്രാധിപർ ഡോ.എൻ ആർ മധു. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മധു.
'വളർന്നുവരുന്ന തലമുറയിലേയ്ക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമാണിത്. ഇത്തരം പ്രകടനങ്ങൾ ക്ഷേത്രങ്ങളിൽ കടന്നുവരുന്നത് തടയണം. രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കണ്ടുകഴിയുന്ന കറുത്ത ശക്തികൾ അയാളുടെ പിന്നിലുണ്ട് എന്നത് കൃത്യമാണ്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേയ്ക്ക് കടന്നുവരുന്നത് ചെറുക്കേണ്ടതാണ്'- എന്നായിരുന്നു എൻ ആർ മധുവിന്റെ വാക്കുകൾ.
ഷവർമ കഴിക്കുന്നതിലും മധു ചടങ്ങിൽ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. കേരളത്തിലെ തെരുവിലൂടെ വൈകിട്ട് സഞ്ചരിച്ചാൽ ശ്മശാനത്തിലൂടെ സഞ്ചരിക്കുന്ന അവസ്ഥയാണെന്നും അവിടെ നമ്മൾ 'ശവ വർമ്മയാണ്' കഴിക്കുന്നതെന്നുമായിരുന്നു പരാമർശം. 'കഴിക്കുന്നത് "വർമ്മയാണ്". കഴിക്കുന്നത് "ശവമാണ്". അതുകൊണ്ട് തന്നെ ശവവർമ്മയാണ് കഴിക്കുന്നത്. കേരളത്തിൽ ഷവർമ കഴിച്ച് അനേകം പേർ മരിച്ചു. അതിലൊരു മുഹമ്മദില്ല, ആയിഷയില്ല. തോമസില്ല. പക്ഷെ അതിലൊരു വർമ്മയുണ്ടായിരുന്നു. അതുകൊണ്ടാകാം ഷവർമയായത്. ഈ ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാൻ പോയി തിന്ന് ചാകുന്നവന്റെ പേര് ഹിന്ദുവെന്നാണ്'- എന്നായിരുന്നു മധുവിന്റെ വിവാദ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |