പാകിസ്ഥാന്റെ ഭീകര താവളങ്ങൾ തകർത്തതിൽ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനി തദ്ദേശീയമായി വികസിപ്പിച്ച സ്‌കൈസ്‌ട്രൈക്കർ ഡ്രോണുകളും. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇവയെ പാക് അധീന കാശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിക്കാനായി ഉപയോഗിച്ചിരുന്നു.
ലക്ഷ്യം കണ്ടെത്തിയാൽ കിറുകൃത്യമായി തകർത്ത് തരിപ്പണമാക്കും. ചാവേർ ഡ്രോണുകൾ അഥവാ കാമികാസെ ഡ്രോണുകൾ എന്ന് വിളിക്കപ്പെടുന്ന ലോയിട്ടറിംഗ് മ്യൂണിഷനാണ് സ്‌കൈസ്‌ട്രൈക്കർ. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് 100 കോടി മുടക്കി സേന വാങ്ങിയെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിലെ എൽബിറ്റ് സിസ്റ്റംസുമായി സഹകരിച്ചാണ് ബംഗളൂരു ആസ്ഥാനമായ ആൽഫ ഡിസൈൻ ടെക്‌നോളജീസ് ഈ ഡ്രോൺ വികസിപ്പിച്ചെടുത്തത്. ആൽഫ ഡിസൈൻ ടെക്‌നോളജീസിൽ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്‌നോളജീസ് ലിമിറ്റഡിന് 26 ശതമാനം ഓഹരിയുണ്ട്.
ശത്രു ലക്ഷ്യങ്ങൾ കണ്ടെത്താനും ആക്രമിക്കാനും രൂപകല്പന ചെയ്തിട്ടുള്ള ഈ ഡ്രോണുകൾക്ക് അഞ്ച് മുതൽ 10 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡ് വഹിക്കാൻ കഴിയും. 100 കിലോമീറ്റർ പരിധിക്കുള്ളിൽ നേരിട്ടുള്ള ആകാശ ആക്രമണങ്ങൾ നടത്താൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന.
നിശബ്ദവും അദൃശ്യവും അപ്രതീക്ഷിതവുമായ ആക്രമണകാരി. ലക്ഷ്യത്തിന് മുകളിലെത്തി വിവരങ്ങൾ ഗ്രൗണ്ട് കൺട്രോൾ യൂണിറ്റിലേക്ക് അയയ്ക്കും. നിർദ്ദേശം ലഭിച്ചാൽ ഉടൻ തന്നെ ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കും. ഇവയെ വിക്ഷേപിച്ച് കഴിഞ്ഞാലും ഗ്രൗണ്ട് കൺട്രോളിന് പുതിയൊരു ലക്ഷ്യത്തിലേക്ക് മാറ്റാം. നിലവിൽ വിദേശ രാജ്യങ്ങളലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ബാലകോട്ട് ആക്രമണത്തിന് ശേഷം 2021ൽ ഈ ഡ്രോണിന്റെ നിരവധി യൂണിറ്റുകൾക്കായി സൈന്യം ഓർഡർ ചെയ്തിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇന്ത്യൻ നീക്കങ്ങളിൽ നിർണായകമായത് യൂണിയൻ വാർ ബുക്കാണെന്ന് റിപ്പോർട്ട്. സായുധ പോരാട്ടമുണ്ടായാൽ സർക്കാരിന്റെ വിവിധ വിഭാഗങ്ങളുടെ പ്രതികരണങ്ങളും പ്രവർത്തനങ്ങളും എങ്ങനെ വേണമെന്നതിൽ രാജ്യത്തുടനീളമുള്ള പ്രധാന ഉദ്യോഗസ്ഥർക്ക് രഹസ്യ സ്വഭാവമുള്ള വാർ ബുക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും പാകിസ്ഥാനെതിരായ ഇന്ത്യൻ നീക്കങ്ങളിൽ വാർ ബുക്ക് പ്രധാന രൂപരേഖയായി പ്രവർത്തിച്ചെന്നാണ് റിപ്പോർട്ട്.
200ലധികം പേജുകളുള്ള നീല നിറത്തിലുള്ള വാർ ബുക്ക് അതീവ രഹസ്യസ്വഭാവമുള്ളതാണ്. അഗ്നിശമന പരിശീലനങ്ങൾ മുതൽ ഒഴിപ്പിക്കലുകളും സൈറണുകളും വരെ, ഈ പുസ്തകമാണ് അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുന്നത്. ഒരു യുദ്ധമുണ്ടായാൽ പ്രധാന ഉദ്യോഗസ്ഥരിൽ ഓരോരുത്തരും എന്തുചെയ്യണമെന്ന് വാർ ബുക്കിൽ വ്യക്തമാക്കുന്നു. ഒരുതരത്തിലുള്ള ആശയക്കുഴപ്പവും ഉണ്ടാകാതെ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ എല്ലാവർക്കും വ്യക്തമായ ധാരണ നൽകുന്നു.
സൈനിക ഓപ്പറേഷൻ രഹസ്യങ്ങൾ വെളിപ്പെടുത്താതെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് കാര്യങ്ങൾ ഒതുക്കത്തിൽ പറയുന്നതാണ് സൈനിക പത്രസമ്മേളനങ്ങളിലെ പതിവ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മിലിട്ടറി ഓപ്പറേഷൻ മേധാവി ലെഫ്. ജനറൽ രാജീവ് ഘായ്, വ്യോമസേനാ ഓപ്പറേഷൻസ് മേധാവി എയർ വൈസ് മാർഷൽ എ.കെ. ഭാരതി, വ്യോമസേന ഓപ്പറേഷൻസ് മേധാവി വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് എന്നിവർ കവിതകൾ ഉദ്ധരിച്ചാണ് പത്രസമ്മേളനം നടത്തിയത്.
'മനുഷ്യന്റെ മേൽ നാശം ആഞ്ഞടിക്കുമ്പോൾ, അവന്റെ മനസ്സാക്ഷി ആദ്യം മരിക്കുന്നു' എന്ന ഹിന്ദി കവി രാംധാരി സിംഗിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു പത്രസമ്മേളനം തുടങ്ങിയത്. പാകിസ്ഥാന്റെ നിലപാടുകളെ വിമർശിച്ച് 'ബഹുമാനവും ഭയവും ഉള്ളപ്പോൾ മാത്രമേ സമാധാനം സാധ്യമാകൂ എന്ന വരി എയർ വൈസ് മാർഷൽ എ.കെ. ഭാരതി ചൊല്ലി. മഹാഭാരതത്തിൽ ഭഗവാൻ കൃഷ്ണൻ പാണ്ഡവരുടെ സമാധാന ദൂതനായി കൗരവ സഭയിൽ ചെന്ന് യുദ്ധം അവസാനിപ്പിക്കണമെന്ന് പറയുന്ന ഭാഗമാണ് കവിതയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |