തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവതരമെന്ന് നിയമ മന്ത്രി പി രാജീവ്. മർദ്ദനമേറ്റ യുവ അഭിഭാഷക ശ്യാമിലിയെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
'വളരെ ഗൗരവകരമായ സംഭവമാണ്. പൊലീസ് കേസ് ചാർജ് ചെയ്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമപ്രകാരം നടപടികൾ സ്വീകരിക്കാൻ ബാർ കൗൺസിലിനോട് ആവശ്യപ്പെടും. നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. കുറ്റവാളിയെ പിടികൂടാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. സീനിയർ അഭിഭാഷകനെ ബോധപൂർവം സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കണം. അഭിഭാഷകയെ ആക്രമിച്ച കേസിലാണ് നടപടി. അപ്പോൾ ഇരയ്‌ക്കൊപ്പമാണ് അഭിഭാഷകർ നിൽക്കേണ്ടത്. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്'- മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചത്. അകാരണമായി ജോലിയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചതിനായിരുന്നു മൃഗീയത. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്റ്റിക്കുകൊണ്ടുമുള്ള അടിയേറ്റ് അഭിഭാഷകയുടെ മുഖം കലങ്ങി. ചതഞ്ഞ് നീരുവന്ന് വീങ്ങി. വലതുകണ്ണിനും താടിയെല്ലിനും സാരമായി പരിക്കേറ്റു. കണ്ണിനുതാഴെ നേരിയ പൊട്ടലുണ്ടായി. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിലെ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻ വീട്ടിൽ ജെ.വി.ശ്യാമിലിക്കാണ് (26) മർദ്ദനത്തിനിരയായത്. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ശ്യാമിലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |