കോന്നി: പത്തനംതിട്ട കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കെ യു ജനീഷ് കുമാർ എംഎൽഎ. വന്യജീവി പ്രശ്‌നത്തിൽ തലപോയാലും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് എംഎൽഎ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ജനീഷ് കുമാർ വിവരം അറിയിച്ചത്.
കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്യസംസ്ഥാനക്കാരിയായ ഒരു യുവതി കഴിഞ്ഞദിവസം തന്നെ വിളിച്ചതായും അവരുടെ ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വിവരം പറഞ്ഞതായും കുറിപ്പിലുണ്ട്. കാട്ടാനയുടെ മരണത്തിന്റെ മറവിൽ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും കഴിഞ്ഞ ദിവസം മാത്രം 11 പേരെ കസ്റ്റഡിയിലെടുത്തു എന്നും എംഎൽഎ പറയുന്നു. പുറത്തുവന്ന വീഡിയോയിലെ ഒന്നുരണ്ട് പരാമർശങ്ങൾ ചർച്ചയായി എന്നും അവയല്ല താൻ ഉയർത്തുന്ന വിഷയമാണ് പ്രധാനമെന്നും കെ യു ജനീഷ് കുമാർ പറയുന്നു.
കെ യു ജനീഷ് കുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പാടത്തെ ഫോറസ്റ്റ് ഓഫീസിലെ സംഭവത്തെക്കുറിച്ച്...
തലപോയാലും ജനങ്ങൾക്കൊപ്പം
നിരന്തരം വർധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങൾ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതിൽ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗർഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസിൽ അവരുടെ ഭർത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്.
അപ്പോൾത്തന്നെ, ഉയർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികൾ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് 'ഇന്നലെ മാത്രം 11 പേരെ' ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാട്ടാനയുടെ മരണത്തിന്റെ മറവിൽ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ ദിവസങ്ങളിൽ ചില ഉദ്യോഗസ്ഥർ ശ്രമിച്ചത് എന്നാണ് ഇതിലൂടെ മനസിലാക്കുന്നത്.
തുടർന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരേയും കൂട്ടി പാടം ഫോറസ്റ്റ് ഓഫീസിൽ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അന്യായമായി കസ്റ്റഡിയിൽവച്ചിരിക്കുകയാണെന്ന് മനസിലാക്കുന്നത്.
ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തിൽ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പുറത്തുവന്ന വീഡിയോയിലെ ഒന്ന് രണ്ട് പരാമർശങ്ങൾ മാധ്യമങ്ങൾ വിമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
അത്തരം പരാമർശങ്ങളല്ല, ആ നാടും അവർക്കുവേണ്ടി ഞാൻ ഉയർത്തിയ വിഷയവുമാണ് പ്രധാനം.
ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സമീപനത്തിൽ പല തീവ്ര സംഘടനകളും ജനങ്ങൾക്കിടയിൽ ദുഷ്പ്രചരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് അങ്ങനെയുള്ള പരാമർശങ്ങൾ നടത്തേണ്ടിവന്നതും.
ഞാൻ ഉയർത്തിയ വിഷയങ്ങൾ ജനങ്ങൾക്കൊപ്പംനിന്ന് നയിക്കും. തലപോയാലും ജനങ്ങൾക്കൊപ്പം
കെ യു ജനീഷ് കുമാർ എം എൽ എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |