ന്യൂഡല്‍ഹി: ഇന്ത്യ - പാക് അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്തെ 32 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. മേയ് ഏഴ് മുതല്‍ 12 വരെയുള്ള ഈ ആറ് ദിവസങ്ങളില്‍ മൂന്ന് ലക്ഷം വിമാന ടിക്കറ്റുകളാണ് റദ്ദാക്കിയത്. അതായത് ഓരോ മിനിറ്റിലും ശരാശരി 35 ടിക്കറ്റ് വീതം റദ്ദാക്കപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. അടച്ചിട്ടിരുന്ന വിമാനത്താവളങ്ങള്‍ വഴി പ്രതിദിനം 50,000 മുതല്‍ 60,000 യാത്രക്കാര്‍ വരെ സഞ്ചരിച്ചിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് രാജ്യത്തെ ഏതാനും വിമാനത്താവളങ്ങള്‍ അടച്ചിട്ടത്. ഇതില്‍ തന്നെ ജമ്മു വിമാനത്താവളം സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. അതേസമയം, ഇന്ത്യയും - പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും 32 വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് പൂര്‍ണതോതില്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തി ഇന്നും ചില സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ റദ്ദാക്കിയിരുന്നു. ഇന്ത്യ - പാക് അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായപ്പോള്‍ ആഭ്യന്തര സര്‍വീസുകളെ ഉള്‍പ്പെടെ ബാധിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമപാതകള്‍ പരസ്പരം അടച്ചതും വിമാനക്കമ്പനികളെ കാര്യമായി തന്നെ ബാധിച്ചിരുന്നു. അധിക ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തേക്ക് പോകേണ്ടി വന്നത് വിമാനക്കമ്പനികള്‍ക്ക് അമിത ബാദ്ധ്യതയും വരുത്തിയിരുന്നു.
ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ സഹായമുണ്ടാകണമെന്നും വ്യോമയാന ഇന്ധനത്തിന്റെ നികുതി കുറക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമപാത നിരോധനം തുടര്‍ന്നാല്‍ ഒരു വര്‍ഷം 600 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് എയര്‍ ഇന്ത്യയുടെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |