കാസർകോട്: പത്തുവയസുകാരന്റെ വയറിൽ ചായപാത്രം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസ്. കാസർകോട് കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ആൺസുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു പത്തുവയസുകാരനോട് ക്രൂരത.
ഏപ്രിൽ 28ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്കൂളിൽ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ യുവാവുമായി യുവതി ഫോണിൽ സംസാരിക്കുന്നതും വീഡിയോ കോൾ ചെയ്യുന്നതും പതിവായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇത് തുടരരുതെന്ന് മകൻ ആവശ്യപ്പെട്ടിട്ടും യുവതി ചെവികൊണ്ടില്ല. വിവരം അച്ഛനോട് പറയുമെന്ന് മകൻ പറഞ്ഞിട്ടും യുവതി പിന്മാറിയില്ല. തുടർന്ന് പത്തുവയസുകാരനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഭവദിവസം സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നത് മകൻ തടസപ്പെടുത്തിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഫോണിൽ സംസാരിക്കുന്നതിനിടെ മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടും മകൻ തയ്യാറാകാത്തതിനെത്തുടർന്ന് ചൂടുള്ള ചായപാത്രം കൊണ്ട് വയറിൽ പൊള്ളിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടെ യുവതി രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |