ഗാന്ധിനഗർ: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന ആഡംബര വസതിയായ ആന്റിലിയയുടെ വിശേഷങ്ങൾ മിക്കവർക്കും സുപരിചിതമാണ്. മുംബയിൽ സ്ഥിതി ചെയ്യുന്ന ആന്റിലിയ 15,000 കോടി ചെലവഴിച്ചാണ് നിർമിച്ചത്. ലോകത്തിലെത്തന്നെ ഏറ്റവും മൂല്യമേറിയ കെട്ടിടങ്ങളിലൊന്നാണ് ആന്റിലിയ. എന്നാൽ ഇതിനെ പോലെ മൂല്യമുളള മറ്റൊരു ആഡംബര വസതിയും അംബാനി കുടുംബത്തിനുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കുട്ടിക്കാലത്ത് വളർന്ന മാളികയാണ് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിക്കുന്നത്. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലാണ് മാളിക സ്ഥിതി ചെയ്യുന്നത്. മംഗരോൽവാലാനോ ഡെലോ എന്നാണ് മാളികയുടെ പേര്. ഈ കെട്ടിടത്തിന് 100 വർഷം പഴക്കമുണ്ട്. ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട വിവരമനുസരിച്ച് 1.2 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന മാളികയുടെ മൂല്യം 100 കോടിയെന്നാണ്.
ഇവിടെ മനോഹരമായ പൂന്തോട്ടമുണ്ട്. രണ്ട് നിലകളിലായി വ്യാപിച്ച് കിടക്കുന്ന മംഗരോൽവാലാനോ ഡെലോ ഗുജറാത്ത് പാരമ്പര്യ വാസ്തുവിദ്യയ്ക്കനുസരിച്ച് നിർമിച്ചതാണ്. കഴിഞ്ഞ 100 വർഷങ്ങൾക്കിടയിൽ പലതരത്തിലുളള നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഒരു മാറ്റവും വീടിന് വന്നിട്ടില്ല. കുട്ടിക്കാലത്ത് ധീരുഭായ് അംബാനി ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് അദ്ദേഹം യെമനിലേക്ക് പോയത്. ഇതിനിടയിൽ അദ്ദേഹം പലതവണയായി ഭവനത്തിൽ സന്ദർശനം നടത്തുമായിരുന്നു.
2002ൽ ധീരുഭായ് അംബാനിയുടെ മരണശേഷം അംബാനി കുടുംബം ഭവനത്തിന്റെ ഉടമസ്ഥാവകാശം പൂർണമായി വാങ്ങുകയായിരുന്നു. തുടർന്ന് മാളികയെ ഒരു സ്മാരകമാക്കി. ധീരുഭായ് അംബാനി മെമ്മോറിയൽ ഹൗസ് എന്ന് പുനർനാമകരണവും ചെയ്തു. അംബാനി കുടുംബത്തിലുളളവർ ചില പ്രത്യേക അവസരങ്ങളിൽ ഇവിടെയെത്താറുണ്ട്. മാളികയുടെ മറ്റൊരു ഭാഗം പൊതുജനങ്ങൾക്കായും തുറന്നുനൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |