കൊച്ചി: തന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്‌എസ് മുഖപത്രമായ കേസരിയുടെ പത്രാധിപർ ഡോ.എൻ ആർ മധുവിന്റെ പരാമർശത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. അമ്പലങ്ങളിൽ ഇനിയും അവസരം ലഭിക്കുമെന്നും പാട്ട് പാടുമെന്നും വേടൻ പറഞ്ഞു. പുലിപ്പല്ല് കേസിന്റെ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് കോടനാട് വനംവകുപ്പ് റേഞ്ച് ഓഫീസിൽ എത്തിയപ്പോഴായിരുന്നു ഗായകന്റെ പ്രതികരണം.
'ഞാനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ. ഇത് പുതിയ കാര്യമല്ല. ഞാൻ വിഘടനവാദിയാണെന്ന് മുൻപും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ? സർവ ജീവികൾക്കും സമത്വം കൽപ്പിക്കുന്ന അംബേദ്‌കർ പൊളിറ്റിക്‌സിലാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകൾ തീരുമാനിക്കട്ടെ'- എന്നായിരുന്നു വേടന്റെ വാക്കുകൾ.
കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ആർഎസ്‌എസ് നേതാവിന്റെ വിവാദ പരാമർശം. 'വളർന്നുവരുന്ന തലമുറയിലേയ്ക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമാണിത്. ഇത്തരം പ്രകടനങ്ങൾ ക്ഷേത്രങ്ങളിൽ കടന്നുവരുന്നത് തടയണം. രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കണ്ടുകഴിയുന്ന കറുത്ത ശക്തികൾ അയാളുടെ പിന്നിലുണ്ട് എന്നത് കൃത്യമാണ്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേയ്ക്ക് കടന്നുവരുന്നത് ചെറുക്കേണ്ടതാണ്'- എന്നായിരുന്നു എൻ ആർ മധു പറഞ്ഞത്. ആർഎസ്‌എസ് നേതാവിന്റെ വിവാദ പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി പൊലീസിൽ പരാതി നൽകി. കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ശ്യാം മോഹൻ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |