തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടത്തിയ വിദേശകാര്യ പ്രസ്താവനകൾ വ്യക്തിപരമാണെന്ന് ശശി തരൂർ എംപി. പാർട്ടി താക്കീത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ശശി തരൂർ കോൺഗ്രസ് വിരുദ്ധ പ്രസ്താവനകൾ നടത്തുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'യുദ്ധം നടന്ന സാഹചര്യത്തിൽ ഞങ്ങൾ എല്ലാവരും കേന്ദ്ര സർക്കാരിനൊപ്പവും സൈനികർക്കൊപ്പവുമാണ് നിന്നത്. അതിന്റെ അടിസ്ഥാനത്തിൽ മാദ്ധ്യമങ്ങൾ എന്നോട് ചോദിച്ച കാര്യങ്ങൾക്ക് ഞാൻ വ്യക്തിപരമായി അഭിപ്രായം പറഞ്ഞു. ഞാൻ പാർട്ടിക്കുവേണ്ടി സംസാരിച്ചിട്ടില്ല. ഞാൻ പാർട്ടിയുടെ വക്താവുമല്ല. വിദേശകാര്യങ്ങളിൽ എനിക്കറിയാവുന്ന കാര്യമാണ് പറഞ്ഞിട്ടുളളത്. പാർട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ടോ അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ല.യുദ്ധത്തിന്റെ സമയം എല്ലാവരും സർക്കാരിനൊപ്പം നിൽക്കണം. കൂടുതൽ ചോദ്യങ്ങൾ നേതൃത്വത്തിനോടാണ് ചോദിക്കേണ്ടത്. ഞാൻ പറയുന്നതൊക്കെ വിവാദമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഞാൻ സത്യസന്ധമായാണ് സംസാരിക്കുന്നത്'- ശശി തരൂർ വ്യക്തമാക്കി.
1971ൽ ഇന്ത്യ-പാക് യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയില്ലെന്ന കോൺഗ്രസ് പ്രചാരണത്തിൽ ശശി തരൂർ മറുപടി പറഞ്ഞതും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരുന്നു. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമാണെന്നും രണ്ടും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വെടിനിർത്തലിന് അമേരിക്കയുടെ ഇടപെടലുണ്ടായെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് 1971ലെ കാര്യം ചൂണ്ടികാട്ടി കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |