മലപ്പുറം: കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം വിവരിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്. ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തിലേക്ക് ചാടിവീണ് ഗഫൂറിനെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഗഫൂറിന് നിലവിളിക്കാന്‍പോലുമായില്ല. കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ. -ഗഫൂറിന്റെ ഒപ്പമുണ്ടായിരുന്ന സമദ് പറയുന്നു.
താന്‍ പേടിച്ച് ഒച്ചവെച്ചുവെന്നും എന്നാല്‍ അടുത്തൊന്നും വീടുകളില്ലാത്തതിനാല്‍ ആരും എത്തിയില്ലെന്നും സമദ് പറയുന്നു. പിന്നീട് ഫോണ്‍ വിളിച്ച് മറ്റുള്ളവരോട് കാര്യം പറഞ്ഞാണ് ആളെക്കൂട്ടിയത്. ചോരപ്പാട് പിന്തുടര്‍ന്ന് പോയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു മൃതദേഹം. കാട്ടുപന്നിയെയും കേഴമാനുകളെയുമല്ലാതെ മറ്റു വന്യമൃഗങ്ങളെയൊന്നും ഇതിനുമുമ്പ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും സമദ് പറഞ്ഞു.
ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറിനെയാണ് (39) ഇന്ന് രാവിലെ കടുവ കടിച്ചുകൊന്നത്. സംഭവം അറിഞ്ഞ് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ വലിയ പ്രതിഷേധവും അരങ്ങേറി. പ്രദേശത്ത് കടുവയും പുലിയും ഉള്‍പ്പെടെയുള്ള അപകടകാരികളായ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ അഞ്ചുലക്ഷം രൂപ വെള്ളിയാഴ്ചതന്നെ നല്‍കുമെന്ന് ഡിഎഫ്ഒ ധനേഷ് വ്യകത്മാക്കി. ബാക്കി തുകയായ അഞ്ചുലക്ഷം രൂപ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷവും നല്‍കും. ഗഫൂറിന്റെ ഭാര്യക്ക് വനംവകുപ്പില്‍ താത്കാലിക ജോലി നല്‍കാനും തീരുമാനിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരം ജോലിനല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഡിഎഫ്ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |