കൊച്ചി: വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്ത് മരണമടഞ്ഞ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ഒരു മാസം സംസ്ഥാനത്ത് വീടുകളില്‍ നടന്ന പ്രസവങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 26 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്. 2025 മാര്‍ച്ചില്‍ 46 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്. ഈ ഘട്ടത്തില്‍ ജില്ലകളില്‍ മുന്നിലായിരുന്ന മലപ്പുറത്ത് വീട്ടിലെ പ്രസവങ്ങള്‍ കഴിഞ്ഞ മാസത്തെ കണക്ക് വരുമ്പോള്‍ കുറഞ്ഞിട്ടുണ്ട്.
വീടുകളിലെ പ്രസവം വലിയ അപകട സാദ്ധ്യതയുള്ളതാണെന്നത് ഉള്‍പ്പെടെയുള്ള ബോധവത്കരണം സംസ്ഥാനതലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും കേരളം പോലെ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുള്ള ഒരു സംസ്ഥാനത്ത് ഒരു മാസം 26 വീട്ടിലെ പ്രസവങ്ങള്‍ നടന്നുവെന്നത് ഞെട്ടലുണ്ടാക്കുന്ന കണക്ക് തന്നെയാണ്. മലപ്പുറം ജില്ലയില്‍ വലിയ രീതിയിലുള്ള കുറവ് കണക്കില്‍ രേഖപ്പെടുത്തിയത് സംസ്ഥാനത്തും മുന്‍ മാസത്തെ അപേക്ഷിച്ച് കണക്ക് താഴേക്ക് വരാന്‍ കാരണമായി.
മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 46 വീട്ടിലെ പ്രസവങ്ങളില്‍ 23 എണ്ണവും മലപ്പുറത്തായിരുന്നു. എന്നാല്‍ ഏപ്രിലില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 26 കേസുകളില്‍ ആറെണ്ണം മാത്രമാണ് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രസവം ആശുപത്രിയില്‍ത്തന്നെ ഉറപ്പിക്കുന്നതിനായി വ്യാപകമായ ബോധവത്കതരണം നടത്തിയിരുന്നുവെന്നും അത് ഫലംകണ്ടുവെന്നുമാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെ വീട്ടുപ്രസവങ്ങളില്‍ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചിരുന്നു. 2023 മാര്‍ച്ച് മുതല്‍ 2024 മാര്‍ച്ച് വരെ കേരളത്തില്‍ 523 വീട്ടുപ്രസവങ്ങള്‍ നടന്നു. വീട്ടുപ്രസവം നടത്തുന്ന പ്രത്യേക സംഘങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |