ഒട്ടാവ: തന്റെ സ്വവർഗവിവാഹം മാതാപിതാക്കൾ അംഗീകരിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഇന്ത്യൻ വംശജയായ യുവതി. കാനഡയിൽ സ്ഥിരതാമസമാക്കിയ സുബിക്ഷ സുബ്രഹ്മണ്യയാണ് ഇൻസ്റ്റഗ്രാമിലൂടെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവം പങ്കുവച്ചത്. സുബിക്ഷയും പങ്കാളിയായ ടീനയും കാനഡയിലാണ് താമസം. ഇവരുടെ പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടയിലായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങുകൾ ഹിന്ദു ആചാരപ്രകാരമാണ് നടന്നത്. ഇതിനായി ജന്മനാട്ടിൽ നിന്ന് പൂജാരിയെത്തിയിരുന്നു. യുവതിയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു.
കർമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ സുബിക്ഷയോട് പൂജാരി ചില ചോദ്യങ്ങൾ ചോദിച്ചിരുന്നതായി വീഡിയോയിൽ പറയുന്നു. 'തന്റെ വിവാഹം കഴിഞ്ഞതാണോയെന്ന് പൂജാരി ചോദിച്ചു. ഭർത്താവ് എവിടെയാണെന്നും ചോദിച്ചു. ആ സമയത്ത് തന്റെ മാതാപിതാക്കൾ യാതൊരു മടിയുമില്ലാതെ മകൾ, ടീനയെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. ടീന മരുമകളാണെന്നും അവർ പറഞ്ഞു'- യുവതി വീഡിയോയിൽ പങ്കുവച്ചു.
മനോഹരമായ നിമിഷം എന്ന തലക്കെട്ടോടെയാണ് സുബിക്ഷ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിങ്ങൾക്കാണ് ഇത്തരമൊരു അവസ്ഥ വന്നിരുന്നതെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്നും സുബിക്ഷ വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. വീഡിയോ ഇതിനകം തന്നെ 750,000ൽ അധികം ആളുകളാണ് കണ്ടത്. 27,000ൽ അധികം ലൈക്കുകളും ലഭിച്ചു. വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് ഒരാൾ നൽകിയ പ്രതികരണം ഇങ്ങനെ, ഈ നിലപാടുകൾ എത്ര മനോഹരമാണ്.എല്ലാവരും അംഗീകരിച്ചെങ്കിൽ നല്ലതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |