കണ്ണൂർ: കെ.പി.സി.സി. അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി എ.ഐ.സി.സി പ്രവർത്തക സമിതിയിൽ പകരം ചുമതല നൽകിയ നടപടിയിൽ നീരസം വ്യക്തമാക്കി കെ. സുധാകരൻ . ആ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എവിടെ വരെ എന്ന് പരസ്യമായി ചോദിച്ച സുധാകരൻ, കേരളം തന്നെയായിരിക്കും ഭാവിയിലും തന്റെ പ്രവർത്തന മണ്ഡലമെന്നും പാർട്ടി പറഞ്ഞാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വ്യക്തമാക്കി.
നേതൃത്വം ഇല്ലെങ്കിലും താൻ ഉത്തരവാദിത്വം നിറവേറ്റും. അതിന് തനിക്ക് സ്ഥാനം വേണ്ട, പ്രവർത്തകർ മതി. പാർട്ടിയുടെ അംഗീകാരമോ അഭിനന്ദനമോ പോലും വേണ്ടെന്നും കെ. സുധാകരൻ 'കേരളകൗമുദി"യോട് പറഞ്ഞു.
?മാറ്റത്തെക്കുറിച്ച്
തീരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരു രാഷ്ട്രീയ ഫൈറ്റിലേക്ക് കോൺഗ്രസ് പോവുകയാണ്. മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ല. ഒഴിവാക്കിയതിന്റെ കാരണമറിയില്ല.
? ഡൽ ഹിയിലെ യോഗത്തിൽ നിന്ന് വിട്ടു നിന്നത്.
സമയമില്ലാത്തതുകൊണ്ടാണ്.
? അതൃപ്തിയുണ്ടോ, പരാതിയുണ്ടോ.
ഒരു അതൃപ്തിയുമില്ല. അതൃപ്തിയുണ്ടെങ്കിൽ പാർട്ടിയിൽ നിന്ന് രാജിവയ്ക്കില്ലേ? അഖിലേന്ത്യാ നേതാക്കന്മാർക്ക് എന്റെ സേവനം വേണ്ട എന്നുണ്ടെങ്കിൽ അത് വേണമെന്നു വാദിക്കാൻ എനിക്ക് താത്പര്യമില്ല. സംസ്ഥാന നേതാക്കൾക്കല്ല, അഖിലേന്ത്യാ നേതാക്കന്മാർക്കാണ് കെ. സുധാകരന്റെ സേവനം അത്ര മതി എന്നു തോന്നിയത്.
? മാറ്റാൻ തിരഞ്ഞെടുത്ത സമയം ശരിയായോ.
അത് പറയേണ്ടത് സുധാകരനല്ല, പാർട്ടിക്കാർ വിലയിരുത്തട്ടെ. അണികളും അനുഭാവികളും തീർച്ചയായും വിലയിരുത്തും. ഒരു ഇലക്ഷന്റെ എല്ലാ മുന്നൊരുക്കങ്ങളും ഞാൻ നടത്തിയിരുന്നു. വോട്ടർപ്പട്ടിക മുതൽ ബൂത്ത് തല പ്രവർത്തനങ്ങൾ വരെ. തിരഞ്ഞെടുപ്പിന് സജ്ജമായിരുന്നു. ഇനി ഒരു പണിയും ബാക്കിയില്ല. പാർട്ടിക്കു വേണ്ടിയാണ് അതൊക്കെ ചെയ്തതത്. അതുകൊണ്ട് നിരാശയൊന്നുമില്ല.
? ദീപാദാസ് മുൻഷിയുടെ നിലപാടുകൾ...
ദീപാദാസ് മുൻഷിയുമായി തർക്കമൊന്നുമില്ല. അതേസമയം അവർ കൊടുത്തിരിക്കുന്ന റിപ്പോർട്ടിനെക്കുറിച്ച് പരാതിയുണ്ട്.
? ദീപാദാസ് മുൻഷിയെ കേരളത്തിന്റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് അഭിപ്രായമുണ്ടോ.
അക്കാര്യം ഞാൻ പറയേണ്ടിടത്ത് പറഞ്ഞോളാം.
? പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതിൽ സാമുദായിക സമവാക്യം പരിഗണിച്ചുവോ.
അങ്ങനെയൊന്നും നോക്കിയിട്ടില്ല. സണ്ണി വക്കീൽ അർഹനാണ്.
?പിണറായിയെപ്പോലെ കരുത്തനായ നേതാവിനെ നേരിടാൻ സുധാകരനില്ലെങ്കിൽ...
ഔദ്യോഗിക സ്ഥാനമില്ലെങ്കിലും മുതിർന്ന നേതാവ് എന്ന നിലയ്ക്ക് പിണറായിയെ എതിർക്കാൻ ഞാനുണ്ടാകും. പിണറായി വിജയൻ അങ്ങനെ നിങ്ങൾ വിചാരിക്കുന്നതു പോലെ ഒലക്കയും കുന്തവുമൊന്നുമല്ല. പിണറായിയുടെ സ്വന്തം, മണ്ഡലത്തിൾ ഇപ്പോൾ എനിക്കാണ് ഭൂരിപക്ഷം.
? ദേശീയ നേതൃത്വത്തിലെ ചിലർക്കാണ് എതിർപ്പെന്ന് സൂചിപ്പിച്ചു. കെ.സി. വേണുഗോപാലിനെയാണോ ഉദ്ദേശിച്ചത്.
വ്യക്തിപരമായ ചോദ്യങ്ങളൊന്നും വേണ്ട. ഞാൻ അരുടെയും സപ്പോർട്ടിനു വേണ്ടി പിറകെ നടന്ന ആളല്ല.
? നേതൃമാറ്റം പ്രതിപക്ഷ നേതാവിന് ബാധകമാക്കാത്തത് എന്തുകൊണ്ടാണ്.
അവർക്ക് മാറ്റേണ്ട എന്ന് അഭിപ്രായമുണ്ടാകാം. എന്തെങ്കിലും താത്പര്യം അതിനകത്തുണ്ടാകും. ഐ ഡോൺട് ബോതർ എബൗട്ട് ദാറ്റ്.
? മാറ്റവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനുമായി ദേശീയ നേതൃത്വം ആശയവിനിമയം നടത്തിക്കാണില്ലേ.
അദ്ദേഹത്തിന് ഇക്കാര്യത്തിൽ എന്തെങ്കിലും റോൾ ഉണ്ടന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം ഇക്കാര്യത്തിൽ മുൻകൈയെടുത്ത് ഇറങ്ങിയോ എന്നതിന് തെളിവുകളൊന്നും എന്റെ കയ്യിലില്ല. അതുകൊണ്ട് പ്രതികരിക്കുന്നില്ല.
? സണ്ണി ജോസഫ് സുധാകരന്റെ നോമിനിയാണോ.
എന്റെ നോമിനിയല്ലെങ്കിലും എന്റെയൊരു അറിവും പിന്തുണയും അതിനകത്തുണ്ട്.
? ആന്റോ ആന്റണി വന്നിരുന്നെങ്കിൽ പാർട്ടിയിൽ പ്രശ്‌നം ഉണ്ടാകുമായിരുന്നോ.
തീർച്ചയായും
? നാലു വർഷം അവസരം കിട്ടിയില്ലേ...
ഒമ്പതു വയസു മുതൽപാർട്ടി പ്രവർത്തനം നടത്തിയ ഇത്രയും സീനിയർ നേതാവായ എനിക്ക് അതിൽ കൂടുതൽ കാലം അർഹതയുണ്ട്. എന്റെ അത്രയും പാരമ്പര്യമുള്ള നേതാക്കന്മാർ അപൂർവമാണ്.
? എതിരായി പ്രവർത്തിച്ചവർ ആരാണ്.
അങ്ങനെയാരെങ്കിലും പ്രവർത്തിച്ചാൽത്തന്നെ അതൊന്നും എനിക്കൊരു പ്രശ്‌നവുമല്ല.
? തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള മാറ്റത്തെ അണികൾ ചോദ്യം ചെയ്യുന്നുണ്ട്. ഹെക്കമാൻഡിൽ പിണറായി വിജയനും പിടിപാടുണ്ടോ എന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ പരിഹാസം.
പാർട്ടിക്കാർക്ക് ചിലപ്പോൾ അങ്ങനെ സംശയമുണ്ടാകാം. ഞാൻപ്രവർത്തകന്മാരെ സ്‌നേഹിക്കുന്നതു പോലെ ഒരു കോൺഗ്രസ് നേതാവും പ്രവർത്തകർക്കൊപ്പം നിൽക്കുന്നില്ല.
? നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം.
മികച്ചതല്ല എന്നൊന്നും പറയുന്നില്ല. കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. സഭയയിൽ ഇനി കെ.പി.സി.സി. പ്രസിഡന്റ് കൂടി വരുന്നതോടെ കൂടുതൽ സജീവമാകും.
? ചുമതലയിൽ നിന്ന് മാറ്റുമ്പോൾ സണ്ണി ജോസഫിന്റെ പേര് നിർദേശിച്ചിരുന്നോ.
എന്നോട് ആരും ചോദിച്ചില്ല. ആരോടാണ് ചോദിച്ചതെന്ന് അറിയില്ല. അവർ സണ്ണിയുടെ പേര് പറഞ്ഞിരുന്നു. അതിൽ എനിക്ക് സന്തോഷമുണ്ട്.
? ഭാവി പ്രവർത്തനം.
കേരളത്തിൽ എല്ലായിടത്തും ഉണ്ടാകും. ദേശീയതലത്തിൽ ആവശ്യമുണ്ടെങ്കിൽ പോകും. അല്ലാതെ പോകില്ല. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കം. കണ്ണൂർ സീറ്റ് പിടിച്ചെടുക്കും. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചാർജ് തന്നാൽ അതും എടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |