ബംഗളൂരു: ചെറിയപ്രായത്തിൽത്തന്നെ മികച്ച ശമ്പളം ലഭിക്കുന്ന ജോലി സ്വന്തമാക്കാനാണ് മിക്ക യുവാക്കളും ശ്രമിക്കുന്നത്. അതുകൊണ്ടുത്തന്നെ സ്‌കൂൾ കാലം മുതൽക്കേ അതിനായുളള പരിശ്രമവും തുടങ്ങുന്നവരുമുണ്ട്. ഇപ്പോഴിതാ മുപ്പത് വയസിന് മുമ്പേ ഒരു കോടി രൂപയുടെ ആസ്തി സ്വന്തമാക്കിയ ഒരു യുവാവിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയെ അതിശയിപ്പിച്ചിരിക്കുന്നത്. റെഡിറ്റിലൂടെയാണ് യുവാവ് തന്റെ വിജയയാത്രയുടെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
യുവാവ് ഒരു എഞ്ചിനീയറാണ്. 23-ാം വയസിലാണ് യുവാവിന് ആദ്യ ജോലി ലഭിക്കുന്നത്. അന്ന് പ്രതിവർഷം 2.4 ലക്ഷം രൂപയായിരുന്നു ഇയാളുടെ ശമ്പളം. തീരെ വരുമാനം കുറഞ്ഞ കുടുംബത്തിൽ നിന്നുളള ആളായതിനാൽ 30 വയസിന് മുമ്പ് തന്നെ സാമ്പത്തികസുരക്ഷ ഉറപ്പാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.
യുവാവിന്റെ പോസ്റ്റ് ഇങ്ങനെ, തന്റെ പിതാവ് 8000 രൂപയും മാതാവ് 7000 രൂപയുമായിരുന്നു ജോലി ചെയ്ത് സമ്പാദിച്ചിരുന്നത്. അതുകൊണ്ടുത്തന്നെ സാധാരണ സ്‌കൂളിലാണ് പഠിച്ചത്. ഞാൻ മിടുക്കനാണ്. ചില സമയത്ത് മടിയനുമാണ്. പത്താം ക്ലാസിലും 12-ാം ക്ലാസിലും 89 ശതമാനം മാർക്കുണ്ടായിരുന്നു. ക്രിക്കറ്റിനോട് പ്രത്യേക താൽപര്യവും ഉണ്ടായിരുന്നു. തുടർന്ന് ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു. ഫീസടയ്ക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ചില ബന്ധുക്കൾ സഹായിച്ചിട്ടുണ്ട്.
പഠന ശേഷം ഞാൻ ബംഗളൂരുവിൽ ജോലിയിൽ പ്രവേശിച്ചു. പ്രതിമാസം 15,000 രൂപയായിരുന്നു ശമ്പളം. കൊവിഡ് സമയത്താണ് ഒരു വലിയ കമ്പനിയിൽ നിന്ന് ജോലിക്കായുളള അവസരം ലഭിക്കുന്നത്. പ്രതിവർഷം 12 ലക്ഷം രൂപയായിരുന്നു എന്റെ ശമ്പളം. പിന്നാലെ തന്റെ കഠിന പരിശ്രമം കൊണ്ട് പല സ്ഥലത്തും മികച്ച ശമ്പളമുളള ജോലി ലഭിച്ചു. അതോടെ ജീവിതസാഹചര്യവും മാറി. ഇപ്പോൾ പ്രതിമാസം നിക്ഷേപപദ്ധതിയിൽ 71,000 രൂപ വരെ നിക്ഷേപിക്കുന്നുണ്ട്. അതിലൂടെ വലിയ വരുമാനവും ലഭിക്കുന്നുണ്ട്. ഈ വർഷം അതിലൂടെ ഒരു കോടി രൂപ സ്വന്തമാക്കാൻ സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |