തിരുവനന്തപുരം: തിരുവനന്തപുരം - കാസര്‍കോട്, തിരുവനന്തപുരം - മംഗളൂരു എന്നിവയ്ക്ക് പുറമേ കേരളത്തിന് റെയില്‍വേയുടെ സമ്മാനമായി മൂന്നാം വന്ദേഭാരത് വരുന്നു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജറില്‍ നിന്ന് ഇക്കാര്യത്തെക്കുറിച്ച് ഉറപ്പ് ലഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം - പാലക്കാട് റൂട്ടിലായിരിക്കും വന്ദേഭാരത് സര്‍വീസ് എന്നാണ് സൂചന. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പിറ്റ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം - പാലക്കാട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് പാലക്കാട് എംപി വികെ ശ്രീകണ്ഠന് റെയില്‍വേ ജനറല്‍ മാനേജര്‍ ഉറപ്പ് നല്‍കിയെന്നാണ് സൂചന. പിറ്റ് ലൈന്‍ നിര്‍മാണം വൈകുന്നതിലുള്ള പ്രതിഷേധം യോഗത്തില്‍ എംപി റെയില്‍വേയെ അറിയിച്ചു. അതേസമയം, നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി. 26 കോച്ചുകളുടെ ലൈന്‍ ആണ് പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ നിര്‍മിക്കുന്നത്.
എറണാകുളം - ബെംഗളുരു ഇന്റര്‍സിറ്റിക്ക് ഒറ്റപ്പാലത്തു പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. പാലക്കാട് ജംക്ഷന്‍ സ്റ്റേഷനിലെ പുതിയ ലിഫ്റ്റ്, പാര്‍ക്കിങ് സൗകര്യ വികസന പദ്ധതി, അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റേഷന്‍ നവീകരണത്തിന്റെ പുരോഗതി തുടങ്ങി പാലക്കാട്ടെ അടിസ്ഥാന സൗകര്യ വികസനത്തിലെ പുരോഗതി യോഗത്തില്‍ അധികൃതര്‍ വിശദീകരിച്ചു.
കേരളത്തിന്റെ മൂന്നാം വന്ദേഭാരത് എന്ന ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് റൂട്ടുകളിലും ട്രെയിനുകളില്‍ യാത്രക്കാരുടെ തിരക്ക് കാരണം കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മൂന്നാം വന്ദേഭാരത് അനുവദിച്ചാല്‍ അതും ഹിറ്റ് ആകുമെന്ന കാര്യത്തില്‍ സംശയമില്ല. പാലക്കാട് - തിരുവനന്തപുരം സര്‍വീസ് കോയമ്പത്തൂരിലേക്ക് നീട്ടുന്ന കാര്യവും റെയില്‍വേ പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |