ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് പാകിസ്ഥാൻ വ്യോമതാവളങ്ങളെ തകർത്തതിന്റെ വിശദാംശങ്ങൾ പുറത്ത്. മേയ് 10ന് പാകിസ്ഥാന്റെ 11 താവളങ്ങളിൽ 15ഓളം ബ്രഹ്മോസ് മിസൈലുകളാണ് പതിച്ചത്.
പാകിസ്ഥാൻ, ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി ഗ്രാമങ്ങളിലെ സിവിലിയൻ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഒരു യുദ്ധത്തിൽ ആദ്യമായി ബ്രഹ്‌മോസ് പരീക്ഷിക്കാൻ വ്യോമസേന തീരുമാനിക്കുകയായിരുന്നു.
പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങളെ അറിയാൻ ആദ്യം ഡമ്മി ജെറ്റ് വിമാനം അയച്ചു. ഇതുകണ്ട് പാകിസ്ഥാനിലെ ചൈനീസ് നിർമ്മിത എച്ച്.ക്യൂ- 9 വ്യോമപ്രതിരോധവും റഡാറുകളും ഉണർന്നു. ഇവ എവിടെയൊക്കെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് മനസിലാക്കാനുള്ള തന്ത്രമായിരുന്നു അത്. അപ്പോഴേക്കും ഇസ്രയേലി ഹാരോപ്പ് ഡ്രോണുകൾ അവയെ നശിപ്പിച്ചു.
പാകിസ്ഥാൻ റഡാർ ശൃംഖല തകരാറിലായതോടെ, ഇന്ത്യയുടെ റഫാൽ, സുഖോയ് വിമാനങ്ങൾ അവരുടെ അതിർത്തിക്കുള്ളിൽ കടന്ന് ആക്രമണം തുടങ്ങി. ഈസമയം പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ വ്യോമ കമാൻഡുകളുടെ കീഴിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളിൽ നിന്ന് ബ്രഹ്മോസ് ക്രൂസ് മിസൈലുകളും വിവിധ ലക്ഷ്യങ്ങളിലേക്ക് കുതിച്ചു. റൺവേകൾ, സേനാ കെട്ടിടങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവ ബ്രഹ്‌മോസ് തവിടുപൊടിയാക്കി. സിന്ധ് പ്രവിശ്യയിലെ ഭുലാരി താവളത്തിൽ മുന്നറിയിപ്പ് സംവിധാനം അടക്കം തകർത്തത് പാക് വ്യോമസേനയ്‌ക്ക് വൻ ബാദ്ധ്യതയായെന്നാണ് റിപ്പോർട്ട്.
വ്യോമതാവളങ്ങളുടെ റൺവേകളും കമാൻഡ് കേന്ദ്രങ്ങളും തകർന്നതോടെ ആക്രമണം ഉപേക്ഷിച്ച് യുദ്ധവിമാനങ്ങളെ ഒളിപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലായി പാകിസ്ഥാൻ. വെടിനിറുത്തലിന് വഴങ്ങിയതും ഇതേത്തുടർന്നാണ്.
'ആക്രമണം അളന്നുകുറിച്ച്"
ബ്രഹ്‌മോസ് ആക്രമണത്തിൽ ഭുലാരി, വ്യോമതാവളത്തിലെ മുന്നറിയിപ്പ് സംവിധാനമായ എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (അവാക്‌സ്) ഘടിപ്പിച്ച വിമാനത്തിന് കേടു പറ്റിയതായി പാകിസ്ഥാൻ വ്യോമസേനാ മുൻ മേധാവി റിട്ട. എയർ മാർഷൽ മസൂദ് അക്തർ വെളിപ്പെടുത്തി. നാലു ബ്രഹ്മോസ് മിസൈലുകൾ ഒന്നിനു പിന്നാലെ വന്നുപതിച്ചു. നിർഭാഗ്യവശാൽ, നാലാമത്തെ മിസൈൽ എയർബേസിലെ ഹാംഗറിൽ ഇടിച്ച്, അവിടെയുണ്ടായിരുന്ന അവാക്‌സ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം കൃത്യമായി അളന്നു കുറിച്ചായിരുന്നുവെന്ന് മസൂദ് അക്തർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |