കോട്ടയം : മുതലും പലിശയും കൂട്ടുപലിശയും പറ്റിയിട്ടും കൊതിതീരാതെ വട്ടിപ്പലിശക്കാർ ജില്ലയിൽ വട്ടമിട്ട് പറക്കുകയാണ്. അദ്ധ്യയന വർഷാരംഭം, വേനൽ അവധി, മറ്റ് അത്യാവശ്യ സന്ദർഭങ്ങൾ.. അവസരം മുതലെടുക്കുകയാണ് സംഘം. ഓപ്പറേഷൻ കുബേര പേരിലൊതുങ്ങിയതോടെ കൊള്ളപ്പലിശയ്ക്ക് പ്രമാണങ്ങളും വാഹനങ്ങളും ഈട് വാങ്ങി പലിശ നൽകുന്നവരാണ് കറങ്ങുന്നത്. ചെക്കിന്റെ മാത്രം ബലത്തിൽ കഴുത്തറപ്പൻ പലിശക്കാർ വ്യാപാരികളെ ലക്ഷ്യമിടുന്നു. ഏറ്റുമാനൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ദിവസച്ചിട്ടിയെന്ന പേരിലാണ് കൊള്ള. ഒരു ലക്ഷം രൂപയ്ക്ക് 10,000-15,000 രൂപയാണ് പലിശ. ആദ്യം പലിശത്തുകയെടുക്കും. ബാക്കി പണം പത്ത് ദിവവത്തിനുള്ളിൽ അടച്ച് തീർക്കണം. ചെറുകിട വ്യാപാരികളാണ് ലക്ഷ്യം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും വസ്തുവിന്റെ ഈടിൽ പണം നൽകും. അടവ് മുടങ്ങിയാൽ ഭീഷണിയും അക്രമവും. ഓൺലൈൻ ആപ്പുവഴിയുള്ള പലിശക്കെണിക്ക് ഇപ്പോഴും അറുതിയില്ല. 50,000 രൂപ വായ്പയെടുത്ത പെയിന്റിംഗ് തൊഴിലാളി പത്ത് തവണ അടച്ച് കഴിഞ്ഞിട്ടും തിരിച്ചടയ്‌ക്കേണ്ടത് മുതലിനേക്കാൾ ഏറെ രൂപ. പ്രതിമാസം 2000 രൂപ വീതമാണ് ഇ.എം.ഐ.
വണ്ടി പണയം വച്ചാൽ ഉടൻ പണം
സ്വർണമോ വസ്തുവോ പെട്ടെന്ന് പണം വയ്ക്കാനില്ലാത്ത സാഹചര്യത്തിലാണ് വാഹനം പണയം വയ്ക്കുന്നത്. വാഹനത്തിന്റെ പകുതിപ്പണം പോലും പണയം വച്ചാൽ കിട്ടില്ല. ചെക്ക് ലീഫും മറ്റ് രേഖകളും വാങ്ങും. മാസം 20 ശതമാനം വരെയാണ് പലിശ. വാഹനം ഉപയോഗിക്കുകയും ചെയ്യും. ഈ വാഹനം വാടകയ്ക്ക് നൽകിയും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും. കറുകച്ചാലിൽ യുവതിയെ കൊല്ലാൻ ഉപയോഗിച്ച ഇന്നോവയും പണയത്തിനെടുത്തതായിരുന്നു. അവസാനം ഉടമയും കുടങ്ങും.
ഗതികേട് മുതലാക്കുന്നവർ
വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും മറ്റുമുള്ള ചെലവുകൾ ഏറി വരുമ്പോഴാണ് പലരും ബ്ലേഡ് സംഘങ്ങളെ ആശ്രയിക്കുന്നത്. ഇതിനു പുറമെ വ്യാപാരത്തിലും ഇടിവു വന്നതോടെ പലർക്കും പിടിച്ചു നിൽക്കാൻ മാർഗമില്ലാതായി. ഇതു മുതലെടുക്കുകയാണ് ബ്ലേഡ് മാഫിയയുടെ ലക്ഷ്യം. മുമ്പ് ബ്ലാങ്ക് ചെക്കുകൾ വാങ്ങി കള്ളക്കേസുകൾ സൃഷ്ടിച്ച് ഇടപാടുകാരിൽ നിന്ന് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളുണ്ട്. വസ്തു ഈടായി വാങ്ങി വൻ തുക നൽകുന്നവരുമുണ്ട്.
പലിശക്കാർക്ക് ഗുണമാകുന്നത്
ഉന്നത രാഷ്ട്രീയസ്വാധീനം, പരിശോധന നിലച്ചത്
ബാങ്കുകളിൽ നിന്ന് വായ്‌പയ്ക്ക് കാലത്താമസം
സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടി, വരുമാനം കുറഞ്ഞു
'' ഓപ്പറേഷൻ കുബേര സജീവമാകണം. പരിശോധനയും നടപടിയുമുണ്ടാവണം. പൊലീസ് ഇക്കാര്യത്തിൽ നിഷ്‌ക്രിയത്വം വെടിയണം.''
കെ.രജീഷ്, വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |