ദോഹ: പലതവണ തൊട്ടരികെ നഷ്ടമായ 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലേക്ക് ഒടുവിൽ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര ജാവലിൻ എറിഞ്ഞെത്തിച്ചു.ജാവലിൻ ത്രോയിൽ തൊണ്ണൂറ് മീറ്റർ ദൂരം എറിയുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തിലെ 25-ാമത്തെ താരവുമാണ് നീരജ്. സ്വന്തം പേരിലുള്ള ദേശീയ റെക്കാഡ് തിരുത്താനും താരത്തിനായി. ദോഹ ഡയമണ്ട് ലീഗിൽ ഇന്നലെ ആദ്യശ്രമത്തിൽ 88.44 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് തുടങ്ങിയത്. രണ്ടാം ശ്രമം ഫൗളായി.മൂന്നാം ശ്രമത്തിലാണ് ചരിത്രം കുറിച്ച ത്രോ (90.23 മീറ്റർ)23. ഈ റൗണ്ട് അവസാനിക്കുന്നത് വരെ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും അവസാന ശ്രമത്തിൽ (91.06 മീറ്റർ) ജർമ്മനിയുടെ ജൂലിയൻ വെബ്ബർ തകർപ്പൻ പ്രകടനത്തോടെ നീരജിനെ രണ്ടാം സ്ഥാനത്താക്കി ഒന്നാമതെത്തുകയായിരുന്നു. മറ്റൊരിന്ത്യൻ താരം കിഷോർ കുമാർ ജെന എട്ടാമതായി.
പുതിയ പരിശീലകൻ ചെക്ക് റിപ്പബ്ലിക്കുകാരൻ യാൻ ഷെലസ്നിയുടെ ശിക്ഷണത്തിലാണ് നീരജ് സ്വപ്ന നേട്ടം സ്വന്തമാക്കിയത്.ജാവലിൻത്രോയിൽ 1996ൽ ഷെലസ്നി കുറിച്ച 98.48 മീറ്ററിന്റെ റെക്കാഡ് ഇതുവരെ ആർക്കും തകർക്കാനായിട്ടില്ല.
ടോക്കിയോ ഒളിമ്പിക്സിൽ 87.58 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. പാരിസ് ഒളിമ്പിക്സിൽ 89.45 മീറ്റർ ദൂരം എറിഞ്ഞെങ്കിലും വെള്ളിയേ നേടാനായുള്ളൂ.പാരിസിൽ സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷദ് നദീം ദോഹയിൽ മത്സരിച്ചില്ല.
വനിതകളുടെ 3000 മീറ്രർ സ്റ്റീപിൾ ചേസിൽ ഇന്ത്യയുടെ പാരുൾ ചൗധരി ദേശീയ റെക്കാഡ് തിരുത്തി (9 മിനിട്ട് 13.39 സെക്കൻഡ്). ആറാമതാണ്പാരുൾ ഫിനിഷ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |