ന്യൂഡൽഹി: ജാവലിൻ ത്രോയിൽ തൊണ്ണൂറ് മീറ്റർ ദൂരം എറിയുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തിലെ 25-ാമത്തെ താരവുമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നീരജ് ചോപ്ര. ഇന്നലെ ദോഹ ഡയമണ്ട് ലീഗിൽ മൂന്നാം ശ്രമത്തിൽ 90.23 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ പായിച്ചാണ് നീരജ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. നിലവിൽ ലോക ചാമ്പ്യനും സ്വർണമുൾപ്പെടെ രണ്ട് ഒളിമ്പിക്‌സ് മെഡൽ ജേതാവുമാണ് നീരജ്. ഇപ്പോഴിതാ തന്റെ ചരിത്രവിജയത്തിലെ നീരജിന്റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്.
റെക്കാഡ് നേട്ടത്തിനുശേഷം വലിയ രീതിയിലെ ആഹ്ളാദപ്രകടനമൊന്നും നീരജ് നടത്തിയില്ല. ഒരു വലിയ കടമ്പ കടന്നതിന്റെ ആശ്വാസം കലർന്ന പുഞ്ചിരി മാത്രമായിരുന്നു നീരജിന്റെ മുഖത്ത്. സഹതാരങ്ങളെ ആശ്ളേഷിച്ച് പുഞ്ചിരിച്ചു, അത്രമാത്രം.' 2018 മുതൽ ഉന്നത സ്ഥാനങ്ങളിൽ മത്സരിച്ചിട്ടും 90 മീറ്ററെന്ന നേട്ടത്തിലെത്താൻ എനിക്ക് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ 90 മീറ്റർ എറിയുമോയെന്ന് ധാരാളം പേർ ചോദിച്ചിരുന്നു. 88, 89 ഒക്കെ എറിഞ്ഞെങ്കിലും 90 മീറ്ററിൽ എത്തിയില്ല. അവസാനം എനിക്കുവേണ്ടി മാത്രമല്ല, എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ആ ഭാരം ഞാൻ ഒഴിവാക്കി. ഇനിയും മുന്നോട്ട് ഏറെ ദൂരം പോകാൻ സാധിക്കുമെന്ന് എനിക്കിപ്പോൾ തോന്നുന്നു'-എന്നായിരുന്നു മത്സരത്തിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ 'ഗോൾഡൻ ബോയ്'യുടെ പ്രതികരണം.
90 മീറ്റർ നേട്ടം സ്വന്തമാക്കിയതോടെ സ്വന്തം പേരിലുള്ള ദേശീയ റെക്കാഡ് തിരുത്താനും താരത്തിനായി. ദോഹ ഡയമണ്ട് ലീഗിൽ ആദ്യശ്രമത്തിൽ 88.44 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് മത്സരം തുടങ്ങിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിലായിരുന്നു 90.23 മീറ്റർ ചരിത്രം കുറിച്ച ത്രോ. എന്നാൽ അവസാന ശ്രമത്തിൽ (91.06 മീറ്റർ) ജർമ്മനിയുടെ ജൂലിയൻ വെബ്ബർ തകർപ്പൻ പ്രകടനത്തോടെ നീരജിനെ രണ്ടാം സ്ഥാനത്താക്കി ഒന്നാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |