ആലപ്പുഴ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ കുട്ടികൾക്ക് കായിക വിനോദത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ അടിമത്തവും ലഹരി ഉപയോഗവും കായിക വിനോദത്തിലൂടെ നിയന്ത്രിക്കാനാവും. അമിത ഡിജിറ്റൽ ഉപയോഗം കുട്ടികളുടെ പഠനത്തിലും പെരുമാറ്റത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് നാഷണൽ എക്കണോമിക് സർവയും പഠനങ്ങളും പറയുന്നത്. ഇത് ശ്രദ്ധ, ഓർമ്മ എന്നിവയെ ബാധിക്കുകയും എടുത്ത് ചാട്ടം അക്രമസ്വഭാവം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
ഡിജിറ്റൽ അടിമത്തവും ലഹരി ഉയോഗവും യുവതലമുറയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാൽ തലച്ചോറിലെ ഡോപ്പമിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കായികവിനോദങ്ങൾ പ്രധാനമാണ്. ചെറുപ്പത്തിൽത്തന്നെ കളിക്കാനും കളികളിലൂടെ ജീവിതനിപുണത ആർജിക്കാനുമുള്ള അവസരം വീടുകളിലൊരുക്കണം. ഇത് കുട്ടികളുടെ മാനസികാരോഗ്യവും പഠനനിലവാരവും മെച്ചപ്പെടുത്തും.
ദിവസേന ഒരുമണിക്കുറെങ്കിലും സ്കൂളുകളിൽ കായിക വ്യായാമത്തിനുള്ള സമയം ഒരുക്കണം. ഇത് ഉറപ്പുവരുത്തിയാൽ ഡിജിറ്റൽ അടിമത്വത്തിലേക്ക് കുട്ടികൾ പോകുന്നത് കുറയ്ക്കാൻ സാധിക്കും. വീടുകളിലും ഒരുമണിക്കൂർ കായികവിനോദത്തിനുള്ള സൗകര്യം രക്ഷകർത്താക്കളും ഒരുക്കണം.
സൂര്യപ്രകാശത്തിൽ എല്ലാമുണ്ട്
1.സൂര്യപ്രകാശമേറ്റ് കായിക വ്യായാമം ചെയ്യുന്ന കുട്ടികളുടെ തലച്ചോറിൽ മാറ്റങ്ങൾ സംഭവിക്കും. ഡോപ്പമിൻ, എന്റോർഫിൻ, തലച്ചോറിലെ രക്തയോട്ടം, വൈറ്റമിൻ ഡി ഉത്പാദനം, വർദ്ധന എന്നിവയാണ് ഉണ്ടാവുന്ന മാറ്റങ്ങൾ.
2. ഡോപ്പമിൻ കുട്ടികളിലെ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിക്കും. എന്റോർഫിൻ കുട്ടികളെ സന്തുഷ്ടരാക്കുകയും രക്തയോട്ടം തലച്ചോറിനെ കൂടുതൽ ഊർജസ്വലരാക്കുകയും വൈറ്റമിൻ ഡി രോഗപ്രതിരോധ ശേഷിയും വിജ്ഞാനവിശകലന ശേഷിയും വർദ്ധിക്കുകയും ചെയ്യും.
3. ലഹരി ഉപയോഗം വർദ്ധിക്കുന്നത് കണക്കിലെടുത്ത് ജീവിത നിപുണത വിദ്യാഭ്യാസം പഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കണം. ഇതിനായി ആഴ്ചയിൽ ഒരുമണിക്കൂർ മാറ്റിവയ്ക്കണം. പ്രതിവർഷം 20 മണിക്കൂർ വീതം പ്രവർത്തനങ്ങളിലധിഷ്ടിതമായ ജീവിത നിപുണത വിദ്യാഭ്യാസം നൽകണം. പുതുമയുള്ളതും പ്രയാസമുള്ളതുമായ കാര്യങ്ങൾ തരണം ചെയ്യാൻ കുട്ടികൾ നേടിയെടുക്കേണ്ട 10 ഗുണങ്ങളാണ് ജീവിത നിപുണത.
4. ആശയവിനിമയ ശേഷി, വ്യക്തിബന്ധ വികസന ശേഷി, പ്രശ്നപരിഹാരം, തീരുമാനമെടുക്കൽ, സർഗാത്മകചിന്ത, ഗുണ,ദോഷ യുക്തി വിചാരം, വികാരങ്ങളുമായി പൊരുത്തപ്പെടുക, സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടുക, അനുതാപം, ആത്മാവബോധം എന്നിവയാണ് 10 ഗുണങ്ങൾ
ലോകത്തിലെ പല രാജ്യങ്ങളും വീണ്ടും കുട്ടികളെ കളിക്കളങ്ങളിലേക്ക് വിടുക എന്ന ചിന്ത വന്നിട്ടുണ്ട്. അതിന്റെ ഫലമായി കുട്ടികളിൽ ഡിജിറ്റൽ അടിമത്തം കുറഞ്ഞുവരുന്നുണ്ട്.
ഡോ. അരുൺ ബി. നായർ
പ്രൊഫസർ, സൈക്യാട്രി വിഭാഗം
തിരുവനന്തപുരം മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |