മുംബയ്: ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണരേഖ കടന്ന യുവതി പാകിസ്ഥാന്റെ പിടിയിൽ. നാഗ്‌പൂർ സ്വദേശിയായ സുനിത (43) ആണ് ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കാർഗിൽ വഴി പാകിസ്ഥാനിലെത്തിയത്. മകനെ കാർഗിലിലെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചിട്ടായിരുന്നു യുവതിയുടെ സാഹസിക യാത്ര.
പാസ്റ്ററെ കാണുന്നതിനായി പാകിസ്ഥാനിലേയ്ക്ക് പോകാൻ സുനിത നേരത്തെയും രണ്ടുപ്രാവശ്യം ശ്രമിച്ചിരുന്നു. എന്നാൽ അട്ടാരി അതിർത്തിയിൽ സൈന്യം ഇവരെ മടക്കി അയച്ചു. ഇതിനുശേഷമാണ് കാർഗിൽ വഴി പാകിസ്ഥാനിൽ എത്തിയത്. പാക് കസ്റ്റഡിയിലാണ് സുനിതയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. എന്തിനാണ് പാകിസ്ഥാനിൽ എത്തിയതെന്നും എന്താണ് ലക്ഷ്യമെന്നുമടക്കം സുനിതയെ പാക് അധികൃതർ ചോദ്യം ചെയ്തതായും വിവരമുണ്ട്. അതിർത്തി കടന്നെത്തിയ യുവതിയെ ഗ്രാമീണർ പിടികൂടി പാക് സൈന്യത്തെ ഏൽപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
മേയ് 14നാണ് 15 വയസുള്ള മകനെ കാർഗിലിലെ അതിർത്തി ഗ്രാമമായ ഹന്ദർമാനിൽ നിറുത്തിയതിനുശേഷം സുനിത പോയത്. താൻ പോയി മടങ്ങിവരാമെന്നും ഇവിടെതന്നെ നിൽക്കണമെന്നും പറഞ്ഞതിനുശേഷമാണ് സുനിത പോയതെന്ന് മകൻ പറയുന്നു. സുനിത മടങ്ങിവരാതിരുന്നതോടെ ഗ്രാമവാസികൾ കുട്ടിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സുനിതയുടെ ഫോൺ വിവരങ്ങളും മറ്റും പരിശോധിച്ചു. അതേസമയം, സുനിത മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞത്. സുനിത അതിർത്തിയിലെ സുരക്ഷ മറികടന്ന് എങ്ങനെ പാകിസ്ഥാനിലേയ്ക്ക് പോയി എന്നതിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |