ന്യൂഡൽഹി : പാകിസ്ഥാന വേണ്ടി ചാർവൃത്തി നടത്തിയ കേസിൽ യുട്യൂബർ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. പ്രമുഖ ട്രാവൽ വ്ലോഗറും ഹരിയാന ഹിസാർ സ്വദേശിയുമായ ജ്യോതി മൽഹോത്രയടക്കം ഉള്ളവരെയാണ് ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇവർ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ, അറസ്റ്റിലായവരെ അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചാരപ്രവർത്തനം കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് നിർണായക വിവരങ്ങൾ കൈമാറിയവർ പിടിയിലായത്. അറസ്റ്റിലായ ജ്യോതി മൽഹോത്ര മൂന്നരലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള വ്ലോഗറാണ്, 2023ൽ പാകിസ്ഥാൻ സന്ദർശിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് പാകിസ്ഥാനിലേക്ക് പോകാൻ വേണ്ട സഹായം ചെയ്തത് പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷാണ്. ഐ.എസ്.ഐ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലെ വിവിധ മേഖലകളെ കുറിച്ച് വിവരം നൽകിയെന്നും ഏജൻസികൾ പറയുന്നു. പാകിസ്ഥാനെ പുകഴ്ത്തി വീഡിയോ പങ്കുവച്ചതും അറസ്റ്രിലേക്ക് നയിച്ചു.
ഇന്നലെ പട്യാല കന്റോൺമെന്റടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളെടുത്ത് പാക് ഉദ്യോഗസ്ഥർക്ക് കൈമാറിയ കൈതാൾ സ്വദേശിയായ ദേവേന്ദർ സിംഗ് ധില്ലനെ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച പാനിപത്തിൽ ചാരവൃത്തി നടത്തിയ യു.പി സ്വദേശിയും പിടിയിലായി. ഈമാസം 3 ന് പഞ്ചാബിലെ അമൃത്സറിൽ വ്യോമതാവളങ്ങളുടെയും സൈനിക കേന്ദ്രങ്ങളുടെയും ചിത്രങ്ങളെടുത്ത് ഐ.എസ്.ഐക്ക് കൈമാറിയ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.11 ന് പാക്ക് ഹൈകമ്മീനിലെ ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലായിരുന്ന പഞ്ചാബ് മലേർകോട്ല സ്വദേശിയായ യുവതിയുൾപ്പടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു, ഇവരുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പരിശോധിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |