ബെർലിൻ: 205 പേരുമായി യാത്രാവിമാനം ആകാശത്ത് തനിയെ പറന്നു. ലുഫ്‌താൻസ എയർലൈൻസിന്റെ വിമാനമാണ് പത്തുമിനിട്ട് നേരം ആകാശത്ത് തനിയെ പറന്നത്. സഹപൈലറ്റ് ബോധരഹിതനായതിനെത്തുടർന്നായിരുന്നു സംഭവം. കഴിഞ്ഞവർഷം ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്‌പാനിഷ് വിമാന അതോറിറ്റിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് വിവരം പുറത്തുവിട്ടത്.
ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിൽ നിന്ന് സ്‌പെയിനിലെ സെവില്ലിയിലേയ്ക്ക് പോവുകയായിരുന്നു ലുഫ്‌താൻസ എ321 വിമാനം. സംഭവസമയം വിമാനത്തിൽ 199 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൈലറ്റ് ശുചിമുറിയിലേയ്ക്ക് പോയ സമയത്ത് സഹപൈലറ്റ് ബോധരഹിതനായതാണ് അപൂർവ്വ സംഭവത്തിന് കാരണമായത്. പത്തുമിനിട്ട് നേരം പൈലറ്റിന്റെ നിയന്ത്രണമില്ലാതെ വിമാനം തനിയെ പറക്കുകയായിരുന്നു. സഹപൈലറ്റ് ബോധരഹിതനായെങ്കിലും വിമാനം ഓട്ടോപൈലറ്റ് മോഡിലേയ്ക്ക് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ടേക്ക് ഓഫ് ചെയ്യുന്ന സമയത്തുതന്നെ വിമാനം ഓട്ടോപൈലറ്റ് മോഡിലേയ്ക്ക് നീങ്ങാറുണ്ട്.
ശുചിമുറിയിൽ നിന്ന് തിരികെ വന്ന പൈലറ്റിന് കോക്‌പിറ്റിനുള്ളിലേയ്ക്ക് കടക്കാൻ സാധിച്ചില്ല. തുടർന്ന് ക്രൂ അംഗങ്ങൾ സഹപൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഒടുവിൽ അടിയന്തരഘട്ടത്തിൽ കോക്‌പിറ്റിലെ വാതിൽ തുറക്കാൻ സഹായിക്കുന്ന കോഡ് നൽകിയാണ് പൈലറ്റ് അകത്തുകടന്നത്. പിന്നാലെ വിമാനം അടിയന്തരമായി മാഡ്രിഡിൽ ലാന്റിംഗ് ചെയ്തതിനുശേഷം സഹപൈലറ്റിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. പിന്നീട് വിമാനം യാത്ര തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |