പാലക്കാടിനെ വരുംകാലം 'വ്യവസായ സ്മാർട് സിറ്റി' എന്ന് വിളിക്കും. 8729 കോടി രൂപയുടെ നിക്ഷേപം, ഒരുലക്ഷം പേർക്ക് തൊഴിൽ, ബാംഗ്ലൂർ-കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ കഞ്ചിക്കോട് സ്മാർട് സിറ്റി യാഥാർത്ഥ്യമാകുന്നതോടെ സമാനതകളില്ലാത്ത വ്യവസായക്കുതിപ്പിനാണ് പാലക്കാട് തയ്യാറെടുക്കുന്നത്. കഞ്ചിക്കോട് സ്മാർട് സിറ്റിക്കായുള്ള എല്ലാ പ്രവർത്തികളും സംസ്ഥാന സർക്കാർ പൂർത്തിയാക്കി. പദ്ധതിക്ക് ആവശ്യമായ ഭൂമി ഇതിനകം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി. ഏതൊക്കെ സ്ഥാപനങ്ങൾ വരും, എത്ര വർഷത്തിനകം പൂർത്തിയാകും എല്ലാത്തിനും സമയം നിശ്ചയിച്ച് പട്ടികയും തയ്യാറാക്കി കാത്തിരിക്കുകയാണ് സംസ്ഥാനം.
കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴി കേന്ദ്ര - സർക്കാർ പ്രഖ്യാപിച്ചപ്പോൾ അത് കഞ്ചിക്കോട് വഴി കോയമ്പത്തൂരിലേക്ക് നീട്ടാൻ സംസ്ഥാന സർക്കാരാണ് ആവശ്യപ്പെട്ടത്. അതിനായി 1,710 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് കേന്ദ്രം ഉപാധിവച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അതിനുള്ള നടപടികൾ തുടങ്ങി. കൊവിഡ് വന്നതോടെ അത് നീണ്ടു.
രണ്ടാം പിണറായി സർക്കാർ 18 മാസംകൊണ്ട് ഭൂമി ഏറ്റെടുത്ത് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലെപ്പ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന് കൈമാറി. കിൻഫ്ര വഴിയാണ് ഭൂമി ഏറ്റെടുത്തത്. ഇതിനായി കിഫ്ബി 1790 കോടി വകയിരുത്തി. ഒരു എതിർപ്പുമില്ലാതെ ഭൂമി ഏറ്റെടുത്തു. ആദ്യം 110 ഏക്കറും പിന്നീട് 226 ഏക്കറും കൈമാറിയ ഇതിന് തുല്യ പങ്കാളിത്ത മൂല്യമായ 313.5 കോടി രൂപ പ്രത്യേക ഉദ്ദേശ്യ കമ്പനിക്ക് കേന്ദ്രം കൈമാറി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തിലാണ് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിച്ചത്. വ്യവസായ ഇടനാഴിയുടെ ഭാഗമായി പ്രഖ്യാപിച്ച കഞ്ചിക്കോട് സ്മാർട് സിറ്രിയാണ് ആദ്യം നിർമ്മാണത്തിലേക്ക് കടന്നത്.
ടെൻഡർ ക്ഷണിച്ചു
കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് വ്യവസായ സ്മാർട് നഗരത്തിന്റെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യ വികസനത്തിന് ടെൻഡർ ക്ഷണിച്ചു. പുതുശ്ശേരി സെൻട്രലിലും കണ്ണമ്പ്രയിലും ഏറ്റെടുത്ത 1400 ഏക്കർ ഭൂമിയുടെ വികസനത്തിനാണ് (എൻജിനിയറിംഗ് പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ - ഇ.പി.സി) ടെൻഡർ വിളിച്ചത്.
4 വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ആദ്യഘട്ട പാക്കേജിന് 1100 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. പദ്ധതി പ്രദേശത്തെ റോഡുകൾ, അഴുക്കുചാലുകൾ, പാലങ്ങൾ, ജലവിതരണ ശൃംഖല, അഗ്നിരക്ഷാ മാർഗങ്ങൾ, ജല പുനരുപയോഗ സംവിധാനങ്ങൾ, ഊർജ്ജവിതരണ സൗകര്യങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുക.
നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) കേരള സർക്കാരും ചേർന്ന് രൂപംകൊടുത്ത കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.ഐ.സി.ഡി.സി) എന്ന കമ്പനിയാണ് വ്യവസായ ഇടനാഴിയുടെ നടപടികൾ ഏകോപിപ്പിക്കുക. മാസ്റ്റർ പ്ലാനും വിശദമായ പദ്ധതിരേഖയും നേരത്തേ തയാറാക്കിയിരുന്നു. ഇതുവരെ ഏറ്റെടുത്ത ഭൂമിക്കായി കിഫ്ബി വഴി 1489 കോടി രൂപ സംസ്ഥാന സർക്കാർ ചെലവാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനായി 1789.92 കോടി രൂപ കേന്ദ്ര സർക്കാർ ചെലവാക്കും.
ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (ഐ.സി.സി.സി) കെട്ടിട നിർമാണം ഉൾപ്പെടെയുള്ള പണികൾക്കു വൈകാതെ ടെൻഡർ നടപടികൾ ആരംഭിക്കും. കിൻഫ്രയാണു പദ്ധതിയുടെ നിർവഹണ ഏജൻസി. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി കോറിഡോർ കോർപറേഷനു കൈമാറുന്നതോടെയാണു കേന്ദ്ര വിഹിതം ലഭിക്കുക. 2024 ഡിസംബറിൽ 110 ഏക്കർ ഭൂമി കൈമാറിയപ്പോൾ 104.5 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമായി അനുവദിച്ചു. കഴിഞ്ഞ മാർച്ചിൽ 220 ഏക്കർ സ്ഥലം നൽകിയപ്പോൾ 209 കോടി രൂപ അനുവദിച്ചു.
രാജ്യത്തെ വലിയ രണ്ടാമത്തെ വ്യവസായ ഇടനാഴി
കേന്ദ്രസർക്കാർ അനുമതി നൽകിയ 12 വ്യവസായ ഹബ്ബുകളിൽ മുതൽ മുടക്കിൽ രണ്ടാംസ്ഥാനം പാലക്കാടിനാണ്. ഡൽഹി - മുംബായ് ഇടനാഴിയാണ് ഏറ്റവും മുതൽമുടക്കുള്ളത്. 1710 ഏക്കർ സ്ഥലത്തു നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 8729 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ടാകുമെന്നാണു വിലയിരുത്തൽ. ഒരു ലക്ഷത്തോളം പേർക്കു നേരിട്ടും അല്ലാതെയും തൊഴിൽ പ്രതീക്ഷിക്കുന്നു. മെഡിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ, ഹൈടെക് ഇൻഡസ്ട്രി, നോൺ - മെറ്റാലിക് മിനറൽ ഉത്പന്നങ്ങൾ, ഫാബ്രിക്കേറ്റഡ് മെറ്റൽ ഉത്പന്നങ്ങൾ, റബർ - പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, മെഷിനറി ആൻഡ് എക്യുപ്‌മെന്റ് എന്നിവയാണ് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിക്കു കീഴിൽ വരുന്ന വ്യവസായങ്ങൾ.
സ്മാർട് സിറ്റി ബ്രാൻഡിംഗിനും ആലോചന
പാലക്കാട് നഗരം കേന്ദ്രീകരിച്ച് വ്യവസായ സ്ഥാപനങ്ങൾ കുറവാണെങ്കിലും കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ വരുന്ന പ്രാധാന്യം കണക്കിലെടുത്താണ് 'സ്മാർട് സിറ്റി ' ബ്രാൻഡ് നൽകുന്ന കാര്യം ആലോചിക്കുന്നത്. പാലക്കാട് നഗരത്തോട് ചേർന്ന പുതുശ്ശേരി പഞ്ചായത്തിലാണ് വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകാൻ പോകുന്നത്. വ്യവസായകേന്ദ്രങ്ങളോടു ചേർന്ന് പ്രധാന നഗരങ്ങളും സാറ്റലൈറ്റ് നഗരങ്ങളും വികസിക്കേണ്ടതുണ്ട്.
വ്യവസായ ഇടനാഴിക്കായി ഏറ്റവും കൂടുതൽ ഒരുങ്ങേണ്ടത് പാലക്കാട് നഗരത്തിനാണ്. പാർപ്പിട സമുച്ചയങ്ങൾ, ഗതാഗത സംവിധാനം, ഹോട്ടലുകൾ, പൊതു ഇടങ്ങൾ, ചികിത്സാ സൗകര്യം, വിനോദത്തിനുള്ള സൗകര്യം എന്നിവയെല്ലാം നഗരത്തിൽ കൂടുതലായി വേണ്ടിവരും. വ്യവസായ സ്മാർട് സിറ്റി എന്ന ബ്രാൻഡ് വരുന്നതോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്ന് പുതിയ പദ്ധതികളും ഫണ്ടും നേടിയെടുക്കാൻ കഴിയുമെന്നാണ് ബ്രാൻഡിങ്ങിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |