ദുബായ്: സ്‌കൂൾ അടച്ചതോടെ നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാൻ എത്തിയ പ്രവാസികൾക്ക് കനത്ത തിരിച്ചടി. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ പ്രവാസി കുടുംബങ്ങളുടെ തിരിച്ചുപോക്ക് മുന്നിൽ കണ്ട് ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തി. യുഎഇയിൽ ജൂൺ രണ്ടിനാണ് സ്‌കൂൾ തുറക്കുന്നത്. ഈ മാസം ആദ്യവാരത്തെ ടിക്കറ്റ് നിരക്കിനേക്കാൾ ഉയർന്ന നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. ഇതോടെ ഓരോ കുടുംബങ്ങളും ലക്ഷങ്ങൾ യാത്രാ ചെലവിനായി വേണ്ടി മാത്രം മാറ്റിവയ്‌ക്കേണ്ടി വരും.
ജൂൺ ആദ്യവാരം ബലിപെരുന്നാൾ കൂടി വരുന്നതോടെ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. മദ്ധ്യവേനൽ അവധി ജൂൺ 26ന് ആണ് ആരംഭിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ ഉയർന്ന നിരക്ക് കുറയണമെങ്കിൽ സെപ്റ്റംബർ പകുതി വരെ കഴിയേണ്ടിവരും. അതുവരെ പ്രവാസി കുടുംബങ്ങൾക്ക് നാട്ടിൽ പോയി തിരിച്ചെത്താൻ ലക്ഷങ്ങൾ മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്. യുഎഇയിൽ മാർച്ചിലാണ് സ്‌കൂൾ അടച്ചത്. അവധി പ്രമാണിച്ച് പല കുടുംബങ്ങളും നാട്ടിലേക്ക് വിമാനം കയറിയിരുന്നു. ഇവരാണ് തിരിച്ച് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്നത്.
ഈ മാസം ആദ്യവാരം 400 ദിർഹത്തിന് വൺവേ ടിക്കറ്റ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 900 ദിർഹത്തിന് മുകളിലാണ് നിരക്ക്. ഇനിയും ബുക്ക് ചെയ്യാൻ താമസിച്ചാൽ നിരക്ക് ഇനിയും കുത്തനെ ഉയരുമെന്നാണ് പ്രവാസികൾ കരുതുന്നത്. നാല് പേരടങ്ങുന്ന കുടുംബങ്ങൾക്ക് നാട്ടിൽ നിന്ന് മടങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞത് 4000 ദിർഹമെങ്കിലും ചെലവാക്കേണ്ടിവരും.
യുഎഇയിലേക്ക് സർവീസ് നടത്തുന്ന ചില വിമാനക്കമ്പനികൾ അവരുടെ വെബ്‌സൈറ്റിൽ നിരക്ക് കുറച്ച് കാണിക്കുമെങ്കിലും വിവരങ്ങൾ നൽകി മുന്നോട്ടു പോകുമ്പോൾ 30 കിലോ ലഗേജ് വേണമെങ്കിൽ അധികം തുക നൽകേണ്ടിവരും. കുറഞ്ഞ നിരക്കിൽ കണക്ഷൻ ഫ്‌ളൈറ്റ് ലഭ്യമാണെങ്കിലും 200 ദിർഹത്തിന് അടുപ്പിച്ച് വ്യത്യാസമേ വരുന്നുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |