തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 83 വിദ്യാർത്ഥിനികൾ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയതിൽ ആശങ്ക വേണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ. ഭക്ഷ്യവിഷബാധയാണോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായില്ല. വിദ്യാർത്ഥിനികൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. യു അനുജ അറിയിച്ചു.
'കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു വിദ്യാർത്ഥിനികൾ വയറിളക്കത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പേർക്ക് ഇത്തരം അസ്വസ്ഥതകൾ കണ്ടെത്തിയെങ്കിലും അവർക്കാർക്കും ചികിത്സ തേടേണ്ടതായി വന്നില്ല.
600ലധികം വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ തയ്യാറാക്കുന്ന ഭക്ഷണത്തിനുപുറമേ വിദ്യാർത്ഥിനികൾ പുറത്തു പോയി കഴിക്കാറുമുണ്ട്. ഭക്ഷ്യവിഷബാധയാണെങ്കിൽ തന്നെ ഹോസ്റ്റലിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചപ്പോഴാണോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നും വ്യക്തമല്ല. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോസ്റ്റലിൽ പരിശോധന നടത്തി ഭക്ഷണം തയ്യാറാക്കുന്നതിലും ശുദ്ധമായ കുടിവെള്ളം നൽകുന്നതിലും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഫുഡ് സേഫ്റ്റി, മൈക്രോ ബയോളജി, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങളും നടന്നുവരുന്നു'- ഡോ അനുജ അറിയിച്ചു.
വനിതാ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ ബട്ടർ ചിക്കൻ കഴിച്ച വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടക്കത്തിൽ നാല് വിദ്യാർത്ഥികൾക്ക് മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാൽ പിന്നീട് 80 ഓളം വിദ്യാർത്ഥികൾക്കും ഓരേ രോഗലക്ഷണം പ്രകടമാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |