കൊച്ചി: കാർഷിക മേഖലയിൽ കേന്ദ്രസർക്കാരും പൊതുമേഖലാ സ്ഥാപനമായ ഇഫ്കോയും വ്യാപക പ്രചാരണം നടത്തിയിട്ടും വിപണിയിൽ 'വളർച്ച' നേടാതെ നാനോ വളങ്ങൾ. ഭാവിയുടെ രാസവളങ്ങളായി വിശേഷിക്കപ്പെടുന്ന നാനോ യൂറിയയും നാനോ ഡി.എ.പിയുമാണ്(ഡൈഅമോണിയം ഫോസ്ഫേറ്റ്) കർഷകപ്രീതി നേടാത്തത്. ഉദ്പാദനക്ഷമത കൈവരിക്കാത്തതും പാർശ്വഫലങ്ങൾ സംബന്ധിച്ച സംശയങ്ങളുമാണ് കാരണം. തുടർപരീക്ഷണങ്ങളിലൂടെ നാനോ വളങ്ങളുടെ മികവ് വർദ്ധിപ്പിക്കുമെന്നാണ് രാസവള മന്ത്രാലയത്തിന്റെ വിശദീകരണം.
നാനോ വളങ്ങൾ കാർഷികോദ്പാദനം കൂട്ടുമെന്നാണ് സർക്കാർ വാദമെങ്കിലും പരീക്ഷിച്ചിടത്തൊന്നും വിജയം നേടാനായില്ല. ആവർത്തിച്ച് ഉപയോഗിക്കുന്നത് ധാന്യങ്ങളുടെ പ്രോട്ടീൻ അംശം കുറയ്ക്കുമെന്ന വാദവുമുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് പഠനങ്ങൾ നടക്കുയാണ്.
നാനോ വളങ്ങൾക്ക് കൈകാര്യച്ചെലവും അദ്ധ്വാനവും കുറയ്ക്കാനാകുന്നതാണ് നേട്ടം. രാജ്യത്ത് ലഭ്യമാകുന്ന നാനോ യൂറിയയിൽ 10 ശതമാനവും നാനോ ഡി.എ.പിയിൽ 60 ശതമാനവും ഇറക്കുമതിയാണ്.
രാസവളങ്ങൾ അനിവാര്യം
ജൈവകൃഷി പേരേറെയാണെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയ്ക്ക് രാസവളങ്ങൾ ഒഴിവാക്കാനാവില്ല. ചെടിവളർച്ചയ്ക്ക് രാസഘടകങ്ങൾ അനിവാര്യവുമാണ്. നൈട്രജൻ സമ്പുഷ്ടമായ യൂറിയയാണ് കൃഷിക്ക് ഏറ്റവുമധികം ആവശ്യമുള്ളത്. യൂറിയ 50 കിലോ ചാക്കിന് യഥാർത്ഥത്തിൽ 3000 രൂപയാണ് വില. എന്നാൽ സബ്സിഡിയോടെ 242 രൂപയ്ക്കാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. ഇതിന് തുല്യമായി ദ്രവ രൂപത്തിലുള്ള നാനോ യൂറിയ അരലീറ്റർ മതിയാകും. 260 രൂപയാണ് വില.
യൂറിയ സബ്സിഡി ഒന്നര ലക്ഷം കോടി
ഇന്ത്യയിൽ ഒരുവർഷം 350 ലക്ഷം ടൺ ഖര യൂറിയ ഉപയോഗിക്കുന്നു. ഇതിൽ 40 ലക്ഷം ടൺ ഇറക്കുമതിയാണ്. കനത്ത സബ്സിഡിയോടെ വിതരണം ചെയ്യുന്ന യൂറിയയ്ക്ക് കേന്ദ്രം നീക്കിവയ്ക്കുന്നത് വർഷം ഒന്നരലക്ഷം കോടി രൂപയാണ്. സർക്കാരിന്റെ ഇറക്കുമതി ബിൽ കുറയ്ക്കുകയെന്ന ലക്ഷ്യവും നാനോ വളങ്ങളുടെ അവതരണത്തിന് പിന്നിലുണ്ട്.
പ്രയോഗം
ഖര യൂറിയ മണ്ണിലാണ് ഇടുന്നതെങ്കിൽ നാനോ യൂറിയ ഇലയിലാണ് തളിയ്ക്കുക. നാനോ കണങ്ങൾ ചെടികളുടെ പുഷ്പിക്കൽ പരിപോഷിപ്പിക്കും. നാല് മില്ലി നാനോ വളം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തിയാണ് പ്രയോഗം. തളിയ്ക്കാൻ കിസാൻ ഡ്രോണുകൾ ഉപയോഗിച്ചാൽ ചെലവ് വീണ്ടും കുറയും. വിളവ് കൂടുമെന്ന് ഉറപ്പിക്കാനായാൽ നാനോ വളങ്ങൾക്ക് രാശി തെളിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |