തൊടുപുഴ: വിദേശജോലി വാഗ്ദാനം ചെയ്ത് തൊടുപുഴയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ. ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്. ശരത്(35) ആണ് പിടിയിലായത്. ശനിയാഴ്ച കുമരങ്കരി ടൗണിൽ നിന്നുമാണ് തൊടുപുഴ പൊലീസ് പ്രതിയെ പിടികൂടിയത്. കേസിൽ ഇയാളുടെ ഭാര്യ ഷീബ രണ്ടാം പ്രതിയാണ്. ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒൻപത് പേരിൽ നിന്നായി 15.5 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. തൊടുപുഴ കാഡ്സിൽ മൊബൈൽ ഷോപ്പ് നടത്തിയിരുന്ന മണക്കാട് സ്വദേശികളായ ശരത്കുമാർ, അക്ഷയ്കുമാർ എന്നിവരും ഇവരുടെ ഏഴ് സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായവരെല്ലാം തൊടുപുഴ താലൂക്കിലെ വിവിധയിടങ്ങളിലുള്ളവരാണ്. ഒരാളിൽ നിന്നും 1,30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. മുൻകൂർ പണം നൽകിയിട്ടും പറഞ്ഞ കാലാവധിക്കുള്ളിൽ വിസ ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത് പിന്നീട് നാട്ടിലെത്തിയതാണ്. തൊടുപുഴയിലുള്ള ഇയാളുടെ സുഹൃത്ത് വഴിയാണ് തട്ടിപ്പിനിരയായ മണക്കാട് സ്വദേശികൾ ബന്ധപ്പെട്ടത്.
കിട്ടിയ പണം
ആഡംബരത്തിന്
ലഭിച്ച പണം ശരത്തിന്റെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് ഇന്നോവയടക്കമുള്ള വാഹനങ്ങൾ വാങ്ങി നാട്ടിൽ ഇയാൾ ആഡംബര ജീവിതം നയിക്കുകയായിരുന്നതായി പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ സി.ഐ എസ്. മഹേഷ്കുമാർകുമാറിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ നെജീബ് കെ.ഇ, അജിലാൽ വി.സി,സി.പി.ഒ താഹിർ കെ.എസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |