കൊച്ചി: വില്‍പ്പനയിലെ തിരിച്ചടിയും ഉത്പാദന ചെലവിലെ വര്‍ദ്ധനയും നേരിടാനാവാതെ പ്രമുഖ ജാപ്പനീസ് വാഹന കമ്പനിയായ നിസാന്‍ മോട്ടോര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ വാഹന നിര്‍മ്മാണം നിസാന്‍ അവസാനിപ്പിച്ചേക്കുമെന്ന് ജപ്പാനിലെ മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായി നിര്‍മ്മാണ, അസംബ്ലിഗ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് വാര്‍ത്തകള്‍.
റെനോ-നിസാന്‍ ഓട്ടോമേറ്റീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ശേഷിക്കുന്ന 51ശതമാനം ഓഹരികള്‍ വാങ്ങുമെന്ന് ഏപ്രിലില്‍ റെനോ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നിസാനാണ് കമ്പനിയില്‍ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം. 51 ശതമാനം ഓഹരികള്‍ വാങ്ങുന്നതോടെ നിര്‍മ്മാണ യൂണിറ്റിന്റെ പൂര്‍ണ ഉടമസ്ഥാവകാശം റെനോയ്ക്ക് ലഭിക്കും.
നിസാന്റെ ഉത്പാദനം കുറയുന്നു
ഇന്ത്യയില്‍ നിസാന്റെ വാഹന ഉത്പാദനം കുറയുകയാണ്. തമിഴ്നാട്ടിലെ നിര്‍മ്മാണ യൂണിറ്റില്‍ നിസാന്‍ മാഗ്‌നറ്റ് മാത്രമാണ് നിലവില്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ യൂണിറ്റ് റെനോ ഏറ്റെടുക്കുന്നതോടെ കാറുകള്‍ നിര്‍മ്മിക്കുന്നതിന് നിസാന്‍ അധിക പണം മുടക്കേണ്ടിവരും. ഇതുവരെ 550 മില്യണ്‍ യൂറോയാണ് (52,000 കോടി രൂപ) ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റില്‍ നിസാന്‍ ചെലവഴിച്ചത്.
മത്സരം നേരിടാനാവാതെ മടക്കം
നിസാന്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയിലെ ഇടിവും ഇലക്ട്രിക് കാറുകളില്‍ നിന്നുള്ള മത്സരവുമാണ് തിരിച്ചടിയായത്. ഇന്ത്യന്‍ വിപണിക്കായി ഒരു കോംപാക്ട് എസ്.യു.വിയും ഒരു 7 സീറ്റര്‍ എം.പി.വിയും ഒരു ഇലക്ട്രിക് എസ്.യു.വിയും നിര്‍മ്മിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ചെലവ് ചുരുക്കി പിടിച്ചുനില്‍ക്കാന്‍ ശ്രമം
ആഗോളതലത്തില്‍ 50,000 കോടി യെന്നിന്റെ (28,000 കോടി രൂപ) ചെലവ് ചുരുക്കലാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലോകമൊട്ടാകെയുള്ള 20,000 ജീവനക്കാരെ ഒഴിവാക്കും. ജപ്പാനിലെ രണ്ട് പ്ലാന്റുകളും അര്‍ജന്റീന, സൗത്ത് ആഫ്രിക്ക, മെക്സികോ എന്നിവിടങ്ങളിലെ പ്ലാന്റുകളുമാണ് പൂട്ടുന്നത്. 2027ഓടെ ആഗോളതലത്തിലെ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം 17ല്‍ നിന്ന് 10ലേക്ക് ചുരുക്കും. നിസാന്റെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 88 ശതമാനം ഇടിഞ്ഞ് 69.800 കോടി യെന്നായി (47.2 കോടി ഡോളര്‍) ചുരുങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |