ജയ്‌പൂർ: മരണപ്പെട്ട അമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ വേണം. ഇല്ലെങ്കിൽ സംസ്കാരം നടത്താൻ അനുവദിക്കില്ല. ശ്മശാനത്തിൽ അമ്മയ്ക്കായി ഒരുക്കിയ ചിതയിൽ കയറിക്കിടന്ന് മകന്റെ പ്രതിഷേധം. ഗ്രാമവാസികളുടെ അനുനയത്തിന് വഴങ്ങിയില്ല. രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ മകന്റെ വാശി വിജയിച്ചു. ആഭരണങ്ങൾ കൈമാറി. സംസ്കാരം നടന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ. രാജസ്ഥാനിലെ കോട്പുട്ലി ബെഹ്‌റോർ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഏഴ് ആൺമക്കളുടെ അമ്മയായ ഭൂരിദേവിയാണ് (80) മരിച്ചത്. ആറ് മക്കൾ ഒരുമിച്ചാണ് താമസം. അഞ്ചാമത്തെ മകനായ ഓംപ്രകാശ് സ്വത്തു തർക്കത്തെ തുടർന്ന് മറ്റൊരിടത്തും. ഭൂരിദേവി മരിച്ചപ്പോൾ മരണാനന്തര ചടങ്ങുകൾക്കുശേഷം ശരീരത്തിലുണ്ടായിരുന്ന വെള്ളി വളകളടക്കമുള്ള ആഭരണങ്ങൾ ആചാരപ്രകാരം മൂത്ത മകന് കൈമാറി.
അതോടെ എതിർപ്പുമായി ഓംപ്രകാശ് രംഗത്തെത്തി. സഹോദരങ്ങളോട് വഴക്കിട്ടു. ആഭരണങ്ങൾ കിട്ടാതെ മാറില്ലെന്ന് പറഞ്ഞ് അമ്മയുടെ മൃതദേഹം ശ്മശാനത്തെത്തിച്ചപ്പോഴും പ്രതിഷേധിച്ചു. അമ്മയുടെ ചിതയിൽ കയറിക്കിടന്നു. ഒടുവിൽ ആഭരണങ്ങൾ ശ്മശാനത്തെത്തിച്ച് കൈമാറിയതോടെയാണ് ഇയാൾ പിൻമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |