വിതുര: വിതുര പഞ്ചായത്തിൽ മയിലുകളുടെ ശല്യം വർദ്ധിക്കുന്നു. ഇവ ചേക്കേറിയിരിക്കുന്ന കേന്ദ്രങ്ങളിലെ കൃഷി മുഴുവൻ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. വനത്തിൽനിന്നും എത്തിയ മയിലുകൾ മടങ്ങിപോകാതെ റബർ തോട്ടങ്ങളിലും, പൊന്തക്കാടുകളിലും മറ്റും ചേക്കേറിയാണ് നാശം വിതയ്ക്കുന്നത്. വാഴ കൃഷിയാണ് കൂടുതലും തിന്നു നശിപ്പിക്കുന്നത്.
പഞ്ചായത്തിലെ ആനപ്പാറ, കല്ലാർ, ചെറ്റച്ചൽ, മണിതൂക്കി, പേപ്പാറ, മരുതാമല, ബോണക്കാട് മേഖലകളിലാണ് മയിലുകളുടെ ശല്യം കൂടുതലുള്ളത്. വീട്ടുമുറ്റങ്ങളിൽ കോഴികൾക്കൊപ്പം മയിലുകളേയും കാണാം. ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്ത് പ്രദേശങ്ങളിലും മയിലുകളെത്തുന്നുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളായതിനാൽ മയിലുകൾ വളരെ പെട്ടെന്ന് നാട്ടിലേക്കിറങ്ങുകയാണ് പതിവ്. ഭക്ഷണം സുലഭമായി ലഭിക്കുന്നതിനാൽ പിന്നീട് ഇവ മടങ്ങിപോകാറില്ല. മാത്രമല്ല കേസും,പൊല്ലാപ്പും ഭയന്ന് ദേശീയപക്ഷികൂടിയായ മയിലിനെ ആരും ഉപദ്രവിക്കാറില്ല. ആദ്യമൊക്ക നാട്ടുകാർ മയിലുകൾക്ക് പഴവും ഭക്ഷധാന്യങ്ങളും നൽകിയിരുന്നു. എന്നാൽ ഇവ വീടിനുള്ളിൽ കയറി ഭക്ഷ്യധാന്യങ്ങൾ കഴിക്കുന്നുണ്ട്.
പൊൻമുടി കല്ലാർ പാതയോരത്തും
പൊൻമുടി കല്ലാർ പാതയോരത്തും മയിലുകൾ പീലി വിടർത്തിയാടുന്നത് കാണാം. ടൂറിസ്റ്റുകൾ മയിലുകൾക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകുന്നുണ്ട്. മയിലുകൾ പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിതായി കർഷകർ പറയുന്നു. മയിലുകളുടെ ശല്യം രൂക്ഷമാകുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാർ അനവധി തവണ വനപാലകർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
കൃഷി നടത്തുവാൻ കഴിയാതെ
കാട്ടാനയും, കാട്ടുപോത്തും കൃഷി നശിപ്പിക്കുന്നതിനിടയിൽ മയിലുകൾ കൂടി എത്തിയതോടെ ഉപജീവനത്തിനായി കൃഷി നടത്തുവാൻ കഴിയാത്ത സ്ഥിതിയിലുമാണ്. ആദിവാസിമേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യവും രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |