തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷം നൽകുന്ന നയമാറ്റവുമായി ഇന്ത്യൻ റെയിൽവെ. ട്രെയിനുകളിലെ എസി കോച്ചുകളിൽ എല്ലാ ഒഴിവുള്ള സീറ്റുകളും ബെർത്തുകളും 'ഓട്ടോ അപ്‌ഗ്രേഡ്' സൗകര്യം വഴി സ്ലീപ്പർ യാത്രക്കാർക്ക് ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് ഓട്ടോ അപ്‌ഗ്രേഡ് ലഭിക്കുക. കൺഫോം ടിക്കറ്റ് കൈവശമുള്ള സ്ലീപ്പർ ക്ലാസ് യാത്രക്കാരെ ആദ്യ ചാർട്ട് തയ്യാറാക്കുന്ന വേളയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ട്രെയിൻ യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ഇത് ചെയ്യുന്നത്. കൺഫോം ടിക്കറ്റുള്ള യാത്രക്കാർക്ക് അതേ നിരക്കിൽ തന്നെ തേർഡ് എസിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും.
ചെയർ കാർ, തേർഡ് എസി, സെക്കന്റ് എസി, ഫസ്റ്റ് എസി എന്നീ കമ്പാർട്ടുമെന്റുകളിൽ കറണ്ട് ബുക്കിംഗ് സംവിധാനം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് റെയിൽവെയുടെ പുതിയ നീക്കമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കറന്റ് ബുക്കിംഗ് സംവിധാനം സ്ലീപ്പർ, സെക്കന്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിൽ മാത്രമായി ചുരുക്കും. ആദ്യ ചാർട്ട് തയ്യാറാക്കിയതിനുശേഷം എന്തെങ്കിലും ഒഴിവുകൾ ഉണ്ടെങ്കിൽ, അവസാന നിമിഷ ബുക്കിംഗുകൾക്ക് വേണ്ടിയാണ് കറന്റ് ബുക്കിംഗ് സംവിധാനം കൊണ്ടുവന്നത്. ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പാണ്ഈ സംവിധാനം നിലവിൽ വരിക.
പുറപ്പെടുന്ന ട്രെയിനുളിലെ റിസർവേഷൻ സീറ്റുകളിൽ ഒഴിവുണ്ടെങ്കിലാണ് അവസാന നിമിഷം കറന്റ് ബുക്കിംഗിലൂടെ ടിക്കറ്റ് നൽകുക. എസി കോച്ചുകളിലെ സീറ്റുകൾ ഓട്ടോ അപ്‌ഗ്രേഡുകൾ വഴി നികത്തുന്നതിന് മുൻഗണന നൽകാൻ റെയിൽവേ തീരുമാനിച്ചതോടെ, എസി കോച്ചുകളിൽ കറന്റ് ബുക്കിംഗ് ഒഴിവുകൾ ലഭ്യമാകാൻ സാദ്ധ്യതയില്ല. റെയിൽവേ ബോർഡ് വ്യാഴാഴ്ച ദക്ഷിണ റെയിൽവേയെയും മറ്റ് എല്ലാ സോണൽ റെയിൽവേകളെയും പുതിയ മാറ്റത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.
പുതിയ മാറ്റത്തോടെ എസി ക്ലാസുകളിലെ എല്ലാ സീറ്റുകളും ബെർത്തുകളും നിറയുകയും സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുള്ള യാത്രക്കാർക്ക് യഥാക്രമം തേർഡ് എസി, ചെയർ കാർ എന്നീ കമ്പാർട്ടുമെന്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ലീപ്പറിൽ നിന്ന് തേർഡ് എസിയിലേക്കും തേർഡ് എസിയിൽ നിന്ന് സെക്കൻഡ് എസിയിലേക്കമുള്ള ഓട്ടോ അപ്‌ഗ്രേഡ് സകൗര്യം 2006ൽ ആണ് ആദ്യം അവതരിപ്പിച്ചത്. എന്നാൽ ഈ സകൗര്യം ലഭിക്കാൻ ഉയർന്ന നിരക്ക് നൽകേണ്ടതുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |