ന്യൂയോർക്ക്: ഇന്ത്യയുടെ കാർഷിക രംഗത്തെ കയറ്റുമതിക്ക് തിരിച്ചടിയായി യുഎസിന്റെ തീരുമാനം. ഇന്ത്യയിൽ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്ത 15 ഷിപ്പ്‌മെന്റ് മാമ്പഴങ്ങൾ യുഎസ് അധികൃതർ ഡോക്യുമെന്റേഷൻ ക്രമക്കേടുകളെ തുടർന്ന് നിരസിച്ചു. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ കുടുങ്ങിക്കിടക്കുന്നത്. ഡോക്യുമെന്റേഷൻ ക്രമക്കേടുകളെ തുടർന്ന് നിരസിച്ചതോടെ മാമ്പഴം തിരിച്ചുകൊണ്ടു പോകുകയോ നശിപ്പിക്കുകയോ ചെയ്യാൻ യുഎസ് അധികൃതർ കയറ്റുമതി ഏജൻസിയോട് ആവശ്യപ്പെട്ടു.
പെട്ടെന്ന് കേടുവരുന്നതുകൊണ്ടും തിരിച്ചുള്ള ഷിപ്പിംഗിന്റെ ചെലവും കണക്കിലെടുത്ത് എല്ലാ കയറ്റുമതിക്കാരും മാമ്പഴം അവിടെ വച്ച് നശിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. യുഎസിന്റെ തീരുമാനത്തെ തുടർന്ന് കയറ്റുമതിക്കാർക്ക് ഏകദേശ നഷ്ടം 4.28 കോടി രൂപയാണ്. മാമ്പഴ സീസൺ കൂടിയായത് കൊണ്ട് ഇന്ത്യയിലെ കർഷകർക്കും യുഎസിന്റെ തീരുമാനം തിരിച്ചടിയാണ്. ഇന്ത്യയുടെ മാമ്പഴ കയറ്റുമതിയിൽ ഏറ്റവും നിർണായകമായ വിപണിയാണ് അമേരിക്ക. ഇപ്പോൾ ഉണ്ടായ പ്രശ്നത്തിന് കാരണം, യുഎസ് അധികൃതർക്ക് സംഭവിച്ച പിഴവാണെന്നാണ് ഇന്ത്യൻ കയറ്റുമതിക്കാർ ആരോപിക്കുന്നത്.
മുംബയിൽ വച്ച് മേയ് 8,9 തീയതികളിൽ ഇറേഡിയേഷൻ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് മാമ്പഴം കയറ്റുമതി ചെയ്തത്. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷൻ നടത്തുന്ന രീതിയാണിത്. യുഎസ് കാർഷിക വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലാണ് ഈ നടപടികൾ എല്ലാം ചെയ്തു തീർത്തത്. ഇദ്ദേഹമാണ് കയറ്റുമതിക്ക് ആവശ്യമായ പിപിക്യു 203 ഫോം സർട്ടിഫൈ ചെയ്യേണ്ടത്. ഈ ഓഫീസർ തെറ്റായ പിപിക്യു 203 ആണ് നൽകിയതെന്നും അതുകൊണ്ടാണ് മാമ്പഴം നിരസിച്ചതെന്നും കയറ്റുമതിക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |