കൊല്ലം: പഠനം പാതിവഴിയിൽ മുടങ്ങിയവരുടെയും മികച്ച കോഴ്സുകൾ തേടുന്നവരുടെയും മനസിൽ സ്വപ്നങ്ങൾ നിറച്ച്, കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശനത്തിലെ ശ്രിനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പവലിയൻ.
സന്ദർശകരുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകാൻ ചുറുചുറുക്കോടെ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകർ പവലിയനിലുണ്ട്. അവർ സർവകലാശാലയുടെയും അവിടുത്തെ കോഴ്സുകളുടെയും സവിശേഷതകൾ ഓരോന്നായി ഇങ്ങനെ പറഞ്ഞുതുടങ്ങും. ഇന്ത്യയിൽ ആദ്യമായി സ്വയം സംരംഭകത്വത്തിന് ഊന്നൽ നൽകി പാഠ്യ പദ്ധതി തയ്യാറാക്കിയത് ഓപ്പൺ യൂണിവേഴ്സിറ്റിയാണ്. ബി.എ നാനോ എന്റർപ്രണർഷിപ്പ് എന്ന ഈ കോഴ്സിനൊപ്പം വിജയകരമായി സംരംഭം നടത്താനുള്ള പരിശീലനവും ലഭിക്കും. അതിനൂതന കോഴ്സായ ബി.എസ്.സി ഡേറ്റാ അനലറ്റിക്സുമുണ്ട്. ഇവിടെ കോഴ്സുകൾക്ക് ചേരാൻ പ്രായപരിധിയോ സീറ്റ് പരിമിതികളോ, മാർക്ക് മാനദണ്ഡങ്ങളോ ഇല്ല. ജോലിക്കിടയിലും പഠിക്കാം. മറ്റ് സർവകലാശാലകളിൽ നിലവിൽ പഠിക്കുന്നവർക്കും ഇവിടെ കോഴ്സുകൾക്ക് ചേരാം എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും ഒന്നിലധികം പരീക്ഷാ കേന്ദ്രങ്ങളും യൂണിവേഴ്സിറ്റിക്കുണ്ട്.
നാലുവർഷ ബിരുദം ഓപ്പൺ സർവകലാശാലകളിൽ ആദ്യമായി ആരംഭിക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ്. കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കിയതും എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റിയാണ്.ടി കെ എം ആർട്സ് & സയൻസ് കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ് എന്നീ കോളേജുകളിലായ് ജില്ലയിൽ 2 പഠന കേന്ദ്രങ്ങളാണ് യൂണിവേഴ്സിറ്റക്ക് ഉള്ളത്. യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രങ്ങൾ കൊല്ലം ഹെഡ് ക്വാർട്ടേഴ്‌സന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 2022 ഡിസംബറിൽ 6 പ്രോഗ്രാമുകളും 7000 പഠിതാക്കളുമായി അക്കാഡമിക് പ്രവർത്തനം ആരംഭിച്ച യൂണിവേഴ്സിറ്റിയിൽ ഇന്ന് 31 യു.ജി പി.ജി പ്രോഗ്രാമുകളിലായി 55000 ത്തിൽ അധികം പഠിതാക്കളുണ്ട്. 23 പഠന കേന്ദ്രങ്ങളുണ്ട്. എം.ബി.എ, എം.സി.എ കോഴ്സുകൾ വൈകാതെ തുടങ്ങും.
ഓപ്പൺ യൂണിവേഴ്സിറ്റിയെ പഠിച്ചാൽ സമ്മാനം
പവലിയൻ സന്ദർശിക്കുന്നവർക്ക് ക്വിസ് മത്സരത്തിലൂടെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരാണ് ക്വിസ് മാസ്റ്റർമാർ.യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം,സിലബസ്, പാഠ്യരീതി, ഓപ്പൺ ബുക്ക് പരീക്ഷ തുടങ്ങിയവയെക്കുറിച്ചാണ് ചോദ്യങ്ങൾ.
സർവകലാശാലയെക്കുറിച്ച് വന്നിട്ടുള്ള മാദ്ധ്യമവാർത്തകളുടെ പ്രദർശനം, സർവകലാശാലയുടെ വിവിധ പുസ്തകങ്ങൾ, സർവകലാശാല കലോത്സവം, സ്പോർട്സ് മേള, വിവിധ സെമിനാറുകൾ എന്നിവയുടെ ചിത്രങ്ങളുടെ പ്രദർശനം എന്നിവയും പവലിയനിലുണ്ട്. ജൂലായിൽ ആരംഭിക്കുന്ന ഈ അദ്ധ്യയന വർഷത്തെ പ്രവേശന നടപടികളെക്കുറിച്ചുള്ള വിവരങ്ങളും പവലിയനിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |