തൃശൂർ: കുതിരാനിൽ തുരങ്കം നിർമ്മിക്കും മുമ്പേയുള്ള കുരുക്കിനെ അനുസ്മരിപ്പിച്ച് മണ്ണുത്തി - വടക്കഞ്ചേരി പാതയിൽ ഇന്നലെ പുലർച്ചെ മുതൽ തീരാക്കുരുക്ക്. കല്ലിടുക്കിൽ മേൽപ്പാലം നിർമ്മാണം നടക്കുന്നിടത്ത് കുഴി രൂപപ്പെട്ടതിനെ തുടർന്ന് അനുഭവപ്പെട്ട കുരുക്ക് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഴിച്ചത്.
കല്ലിടുക്കിൽ മേൽപ്പാലം നിർമ്മിക്കുന്നതിനാൽ സർവീസ് റോഡ് വഴിയാണ് ഇപ്പോൾ വാഹനങ്ങളുടെ സഞ്ചാരം. പാലക്കാട് ഭാഗത്ത് നിന്നും വരുമ്പോൾ കല്ലിടുക്കിന് മുൻപ് സർവീസ് റോഡിലുണ്ടായ കുഴിയാണ് കുരുക്കിന് കാരണം. കഴിഞ്ഞദിവസം രാത്രിയിൽ പെയ്ത മഴയിലാണ് കുഴി രൂപപ്പെട്ടത്. ചുവന്നമണ്ണ് മുതൽ പട്ടിക്കാട് വരെയുള്ള നാല് കിലോമീറ്റർ ദൂരമാണ് ഇന്നലെ രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള ആറ് മണിക്കൂറിൽ വാഹനങ്ങൾ കുടുങ്ങിയത്.
ഇതോടെ രാവിലെ മുതൽ പാലക്കാട് നിന്നും തൃശൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ മണിക്കൂറുകളോളം കുടുങ്ങി. നിർമ്മാണ തൊഴിലാളികളും സർക്കാർ - ഓഫീസ് ജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് കൂടുതലും ബുദ്ധിമുട്ടിലായത്. പിന്നീട് ഹൈവേ പൊലീസും മണ്ണുത്തി പീച്ചി പൊലീസും നാട്ടുകാരും ഹൈവേ അതോറിറ്റി ജീവനക്കാരും കരാർ കമ്പനി തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ചേർന്നാണ് കുരുക്കഴിച്ചത്.
മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട്, വാണിയമ്പാറ, കല്ലിടുക്ക് എന്നിവിടങ്ങളിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇതിൽ വാണിയമ്പാറ ഒഴികെ രണ്ടിടത്തും കുരുക്ക് പതിവാണ്. കഴിഞ്ഞദിവസം മുടിക്കോടും മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |