കഴിഞ്ഞ ദിവസമാണ് നടൻ വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടി സായ് ധൻഷികയുമായി പ്രണയത്തിലാണെന്നും ഓഗസ്റ്റ് 29ന് വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിശാലും ധൻഷികയും ഓഡിയോ ലോഞ്ചിനിടെ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
'ഇതിൽ കൂടുതൽ ഞാൻ ഒന്നും മറച്ചുവയ്ക്കുന്നില്ല. അതുകൊണ്ടാണ് പറയുന്നത്. ഞാൻ ധൻഷികയെയാണ് സ്നേഹിക്കുന്നത്. അവളെയാണ് വിവാഹം കഴിക്കാൻ പോകുന്നത്. ധൻഷികയെ ഞാൻ വളരെ നല്ല രീതിയിൽ സംരക്ഷിക്കും. ധൻഷികയുടെ ചിരി ഇതുപോലെ നിലനിർത്താൻ ഞാൻ എപ്പോഴും ശ്രമിക്കും. അതാണ് എന്റെ അടുത്ത ലക്ഷ്യം. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഓഗസ്റ്റ് 29 എന്റെ ജന്മദിനമാണ്. അന്ന് വിവാഹം നടത്താനാണ് പദ്ധതിയിടുന്നത്. ഒരുപാട് നന്ദി',- വിശാൽ പറഞ്ഞു.
'15 വർഷമായി എനിക്ക് വിശാലിനെ അറിയാം. എനിക്ക് എന്ത് പ്രശ്നം വന്നാൽ വരുന്നയാളാണ് വിശാലാണ്. ഈ അടുത്തകാലത്താണ് നല്ലപോലെ സംസാരിക്കാൻ തുടങ്ങിയത്. അപ്പോൾ തന്നെ രണ്ടുപേർക്കും പരസ്പരം ഒരു ഇഷ്ടം തോന്നി. അങ്ങനെയാണ് അത് തുറന്നുപറയുന്നത്. ഇത് വിവാഹം വരെ എത്തുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ എല്ലാവരോടും ബന്ധത്തെക്കുറിച്ച് തുറന്നുപറയുന്നത്',- ധൻഷിക വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |