ന്യൂഡൽഹി: പാകിസ്ഥാന്റെ മുക്കും മൂലയുംവരെ ആക്രമിക്കാനുള്ള സൈനികശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ഡയറക്‌ടർ ജനറൽ ഒഫ് ആർമി എയർ ഡിഫൻസ് ലെഫ്റ്റനന്റ് ജനറൽ സുമർ ഇവാൻ ഡി കുൻഹ. പാകിസ്ഥാൻ സൈനിക ആസ്ഥാനം റാവൽപിണ്ടിയിൽ നിന്ന് മാറ്റിയാലും കാര്യമില്ല. അവർക്ക് ഒളിക്കാൻ ആഴത്തിലുള്ള ഗർത്തം വേണ്ടിവരുമെന്നും കുൻഹ പരിഹസിച്ചു.
'പാകിസ്ഥാൻ മുഴുവനായും ഞങ്ങളുടെ റേഞ്ചിനുള്ളിലാണ്. പാകിസ്ഥാന് ആഴത്തിൽ ആഘാതമേൽപ്പിക്കാൻ ആവശ്യമായ എല്ലാ ആയുധങ്ങളും ഇന്ത്യയുടെ പക്കലുണ്ട്. നീളത്തിലായാലും കുറുകെയായാലും മുഴുവൻ പാകിസ്ഥാനും റേഞ്ചിനുള്ളിലാണ്. സൈനിക ആസ്ഥാനം റാവൽപിണ്ടിയിൽ നിന്ന് ഖൈബർ പക്‌തൂൻക്വയിലേക്കോ എങ്ങോട്ടേയ്ക്ക് വേണമെങ്കിലോ അവർക്ക് മാറ്റാം. എങ്ങനെയായാലും അവർ റേഞ്ചിനുള്ളിലാണ്. ഇന്ത്യയുടെ പ്രത്യാക്രമണങ്ങൾ റാവൽപിണ്ടിയിൽ വലിയ ആഘാതമാണ് ഏൽപ്പിച്ചത്. നാല് ദിവസത്തിനിടെ പടിഞ്ഞാറൻ അതിർത്തിയിലായി ആയിരത്തോളം ഡ്രോണുകളാണ് പാകിസ്ഥാൻ അയച്ചത്. ആയുധങ്ങളുമായെത്തിയ എല്ലാ ഡ്രോണുകളും കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയുക്തമായ പ്രവർത്തനത്തിലൂടെ തകർത്തു. ആക്രമണങ്ങളിൽ നിരപരാധികൾ കൊല്ലപ്പെട്ടില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്തി'- കുൻഹ വ്യക്തമാക്കി.
ഏപ്രിൽ 22ന്, ജമ്മു കാശ്മീരിലെ പഹൽഗാമിൽ 26 ഇന്ത്യൻ പൗരന്മാർ കൂട്ടക്കൊല ചെയ്യപ്പെട്ടതിന് തിരിച്ചടിയായി പാകിസ്ഥാന്റെ തീവ്രവാദ ക്യാമ്പുകളെ തകർത്ത് മേയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയത്. പാകിസ്ഥാനിലെ നാലും അധിനിവേശ കാശ്മീരിലെ അഞ്ചും ഭീകരക്യാമ്പുകളാണ് ഇന്ത്യ ചുട്ടെരിച്ചത്. ലഷ്‌കർ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ ക്യാമ്പുകളാണിവ. 70 ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ജയ്‌ഷെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന്റെ സഹോദരിയുൾപ്പെടെ 10 ബന്ധുക്കളും നാല് അനുയായികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |