മുംബയ്: രാജസ്ഥാൻ റോയൽസിന്റെ സൂപ്പർ താരം 14കാരൻ വൈഭവ് സൂര്യവൻശിയുമായി തന്റെ ചിത്രം മോർഫ് ചെയ്ത സോഷ്യൽ മീഡിയ പേജുകൾക്കെതിരെ തുറന്നടിച്ച് നടി പ്രീതി സിന്റ. ആളുകൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ മനസുവന്നുവെന്നും ഇത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുവെന്നും പ്രീതി സിന്റ സോഷ്യൽ മീഡിയയിൽ കുറിച്ചു. പഞ്ചാബ് കിംഗ്സിന്റെ ഉടമ കൂടിയായ പ്രീതി സിന്റ കഴിഞ്ഞ മത്സരത്തിന് ശേഷം വൈഭവുമായി സംസാരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മത്സരത്തിന് ശേഷം പ്രീതി സിന്റ വൈഭവുമായി സംസാരിച്ച് ഹസ്തദാനം നടത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടിയുമായി കെട്ടിപ്പിടിക്കുന്ന ചിത്രം മോർഫ് ചെയ്തുണ്ടാക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട നടി തന്നെയാണ് ഇത് മോർഫ് ചെയ്തതാണെന്ന് വ്യക്തമാക്കിയത്. 'ഇതൊരു മോർഫ് ചെയ്ത ചിത്രവും വ്യാജ വാർത്തയുമാണ്. വാർത്താ ചാനലുകൾ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിക്കുകയും അവ വാർത്തകളായി അവതരിപ്പിക്കുകയും ചെയ്യുന്നത് വളരെ ആശ്ചര്യകരമാണ്'- നടി എക്സിൽ കുറിച്ചു.
പ്രീതി സിന്റയും വൈഭവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു. രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാളുമായി പ്രീതി സംസാരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ജയ്സ്വാളുമായി കുറച്ചു നേരം സംസാരിച്ച ശേഷം, അവർ മാറി നിന്ന് 'നിങ്ങളെ കണ്ടതിൽ സന്തോഷം', 14 വയസ്സുള്ള സൂര്യവൻശിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ശശാങ്ക് സിംഗിനോട് പറയുന്നത് വീഡിയോയിൽ കാണാം. ശേഷമാണ് വൈഭവിനെ കാണുന്നത്. തുടർന്ന് നടി വൈഭവിന്റെ അടുത്തേക്ക് പോയി കുറച്ച് നേരം സംസാരിച്ച ശേഷം കൈ കൊടുക്കുന്നതും കാണാം. ഇതാണ് യഥാർത്ഥ വീഡിയോയിലുള്ളത്. ഈ ചിത്രങ്ങളാണ് ആരോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |