മലപ്പുറം: ദേശീയപാതയിൽ തലപ്പാറ ഭാഗത്തുള്ള റോഡിൽ വിള്ളൽ. നിർമ്മാണം പൂർത്തിയായ ആറുവരിപ്പാതയിലാണ് ചൊവ്വാഴ്ച രാവിലെയോടെ വിള്ളലുണ്ടായത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സർവീസ് റോഡ് വഴിയാണ് വാഹനം വഴിതിരിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം ദേശീയപാതയുടെ ഒരു ഭാഗം തകർന്നുവീണ കൂരിയാടിന് നാല് കിലോമീറ്റർ അകലെയാണ് ഇപ്പോൾ വിള്ളലുണ്ടായത്. സ്ഥലത്ത് തിരുരങ്ങാടി പൊലീസ് എത്തിയിട്ടുണ്ട്.
ദേശീയപാത അധികൃതരും വിദഗ്ധരും സ്ഥലത്തെത്തി പരിശോധിക്കുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വയലിന് സമീപം ഉയർത്തിനിർമ്മിച്ച റോഡിന്റെ അടിഭാഗത്തെ മണ്ണ് നീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട് ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന ആറുവരി ദേശീയപാത സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണ് അതുവഴി പോകുകയായിരുന്ന നാല് കാറുകൾ തകർന്നിരുന്നു. രണ്ടു കാറിലുണ്ടായിരുന്ന കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു. കോഴിക്കോട് തൃശൂർ ദേശീയപാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ അരകിലോമീറ്ററോളം ദൂരത്തിലാണ് പാത തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ആ സമയം സർവീസ് റോഡിൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സർവീസ് റോഡ് പൊട്ടിപ്പിളർന്നു. വയൽ നികത്തി നിർമ്മിച്ച സർവീസ് റോഡിന്റെ ഒരു ഭാഗമാണ് ആദ്യം ഇടിഞ്ഞത്. അതിന് പിന്നാലെ ദേശീയപാതയുടെ പാർശ്വഭിത്തിയടക്കം സർവീസ് റോഡിലേക്ക് നിലംപൊത്തി. മണ്ണും കോൺക്രീറ്റ് കട്ടകളും വീണാണ് കാറുകൾ തകർന്നത്. ഇതിൽ വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന രണ്ടു കാറുകൾക്കാണ് ഏറെ കേടുപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |