പാലക്കാട്: റാപ്പർ വേടന്റെ പരിപാടിയുടെ തിക്കും തിരക്കും കാരണം 1,75,552 രൂപയുടെ നാശനഷ്ടമുണ്ടായതായി പാലക്കാട് നഗരസഭ സെക്രട്ടറി. ഈ പണം നൽകണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നൽകി. കോട്ട മൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും പരാതി നൽകി.
കോട്ടമൈതാനത്തെ വേടന്റെ പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം കിളിമാനൂരിലെ പരിപാടിയും റദ്ദാക്കിയിരുന്നു. ചെറിയ കോട്ടമൈതാനത്ത് ഒരുക്കിയ തുറന്ന വേദിയിലായിരുന്നു 'മൂന്നാം വരവ്' എന്ന പേരിലുള്ള സംഗീതപരിപാടി. സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടിക വർഗ വകുപ്പും സാംസ്‌കാരികവകുപ്പും ചേർന്ന് സംഘടിപ്പിച്ച പരിപാടി വൈകിട്ട് ആറുമണിക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചത്.
എന്നാൽ ഏഴരയോടെയാണ് വേടൻ വേദിയിൽ എത്തിയത്. ഇതിനിടെ തിക്കും തിരക്കും മൂലം കുറേനേരം പരിപാടി തടസപ്പെട്ടു. പ്രശ്നക്കാരെ സമാധാനിപ്പിക്കാൻ വേടൻ തന്നെ മുന്നിട്ടിറങ്ങിയെങ്കിലും എട്ടേകാൽ കഴിയുംവരെയും പാടാൻ കഴിഞ്ഞില്ല. അഞ്ചിലധികം പാട്ടുകൾ പാടിയെങ്കിലും തിരക്ക് നിയന്ത്രണാതീതമായതോടെ പാട്ട് നിർത്തുകയായിരുന്നു. കഞ്ചാവ്, പുലിപ്പല്ല് കേസുകളിലകപ്പെട്ട വിവാദങ്ങൾക്കുശേഷം ആദ്യമായാണ് വേടൻ പാലക്കാട്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |