സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ വൈറലായി മാറാനും നിരവധി ആരാധകരുണ്ടാകാനും നിമിഷ നേരം മാത്രം മതി. നൃത്തം, പാട്ട്, മിമിക്രി, പാചകം, വിവിധ വിഷയങ്ങളിലെ ടിപ്‌സ് തുടങ്ങി നിരവധി വിഷയങ്ങള്‍ അവതരിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ താരങ്ങളായി മാറിയ അനവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. അതിന് പ്രായം പോലും ഒരു വിഷയമല്ലെന്ന് നിരവധി സംഭവങ്ങളിലൂടെ പലകുറി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യവുമാണ്.
ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നതും നിരവധി ആരാധികമാരെ ലഭിക്കുകയും ചെയ്തിരിക്കുന്നത് കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥനാണ്. സൈബര്‍ ലോകത്തെ പ്രണയച്ചതിയെക്കുറിച്ചും, മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ വഴി പരിചയം സ്ഥാപിച്ച് വിവാഹാലോചനയിലേക്ക് എത്തിയ ശേഷം സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളേക്കുറിച്ചുമുള്ള മുന്നറിയിപ്പാണ് വീഡിയോയില്‍ പൊലീസുകാരന്‍ അവതരിപ്പിക്കുന്നത്.
എന്നാല്‍ വീഡിയോയില്‍ പറയുന്ന കാര്യത്തേക്കാള്‍ ശ്രദ്ധ നേടിയത് 'സുന്ദരനായ' പൊലീസുകാരനാണ്. നിരവധി പെണ്‍കുട്ടികളുടേയും യുവതികളുടേയും പ്രൊഫൈലുകളില്‍ നിന്ന് വീഡിയോക്ക് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. സാര്‍ സിംഗിളാണോ? സാര്‍ വിവാഹിതനാണോ? വിവാഹം നോക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഭൂരിഭാഗം യുവതികളും ചോദിക്കുന്നത്. ആരെങ്കിലും പുള്ളി വീഡിയോയില്‍ പറയുന്ന കാര്യം കൂടി ശ്രദ്ധിക്കണേയെന്ന കമന്റുകളും വീഡിയോക്ക് കീഴില്‍ കാണാം.
കേരള പൊലീസ് പങ്കുവച്ച വീഡിയോയില്‍ പറയുന്നത്
ഇന്ന് ഏതൊരു മേഖലയും തട്ടിപ്പിനുള്ള സാദ്ധ്യതയാക്കി മാറ്റുന്ന ഒരു കൂട്ടര്‍ ഇപ്പോള്‍ മാട്രിമോണിയല്‍ സൈറ്റുകളേയും തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് കേരള പൊലീസ് പറയുന്നത്. ഇത്തരക്കാരെ ജാഗ്രതയോടെ സമീപിക്കണമെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്‍കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിനുള്ള സാദ്ധ്യതയാണ് ഒരു കൂട്ടര്‍ ഉപയോഗിക്കുന്നതായി കേരള പൊലീസ് പറയുന്നത്. സംശയം തോന്നിയാല്‍ പൊലീസിന്റെ സഹായം തേടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലേതിന് സമാനമായി സൗഹൃദത്തിന് റിക്വസ്റ്റ് ഇട്ട് ബന്ധം സ്ഥാപിക്കുന്നതാണ് ആദ്യപടി. ഇതിന് ശേഷം വിവാഹ വാഗ്ദാനം, വിവാഹലോചന പോലുള്ളവയിലേക്ക് കടക്കും. ഇതിന് ശേഷം പതിയ സാമ്പത്തിക ആവശ്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടും. അത്യാവശ്യ ഘട്ടത്തിലെ സഹായം എന്ന പേരിലായിരിക്കും ഭൂരിഭാഗം കേസുകളിലും പണം ആവശ്യപ്പെടുക. പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് ഈ അക്കൗണ്ടുകള്‍ ഡിയാക്ടിവേറ്റ് ആകുന്നതാണ് സംഭവിക്കുന്നത്.
അതുകൊണ്ട് തന്നെ നേരിട്ട് പരിചയമില്ലാത്ത ആര്‍ക്കും പണം നല്‍കി തട്ടിപ്പിന് ഇരയാകരുതെന്നാണ് കേരള പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. സംശയം തോന്നുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാനുള്ള സൗകര്യവും സൈബര്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |